രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാല്‍സംഗ കേസില്‍ അതിജീവിതയ്ക്കെതിരെ രാഹുലിന്‍റെ സുഹൃത്തും രണ്ടാംപ്രതിയുമായ ജോബി ജോസഫ്. യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഗുളിക എത്തിച്ചതെന്നും യുവതിയാണ് ഗുളികയുടെ പേരും വാങ്ങേണ്ട ആളുടെ ലൊക്കേഷനും തന്‍റെ ഫോണിലേക്ക് അയച്ച് തന്നതെന്നും ജോബി ജോസഫ്. മെഡിക്കല്‍ റെപ്പിന്‍റെ കൈയില്‍ നിന്നും വാങ്ങി യുവതിയെ ഏല്‍പ്പിച്ച ഗുളിക ഗര്‍ഭഛിദ്രത്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജോബി യുവതിക്കെതിരെ സത്യവാങ്മൂലം നല്‍കിയത്.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ട പ്രകാരം ഗര്‍ഭഛിദ്ര ഗുളിക വാങ്ങി യുവതി കഴിക്കുന്നത് വീഡിയോ കോളിലൂടെ ജോബി ജോസഫ് രാഹുലിനെ കാണിച്ച് ഉറപ്പാക്കിയെന്നായിരുന്നു അതീജിവിത അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. ഇത് പൂര്‍ണമായും തള്ളിക്കളയുന്നതാണ് ജോബിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരം. പൊലീസ് റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് ഈമാസം പതിനേഴിന് ജോബിയുടെ അപേക്ഷ കോടതി പരിഗണിക്കും. നിലവില്‍ ജോബി ഒളിവിലാണ്.
അതേസമയം, ഹോംസ്റ്റേയിൽവച്ചു പീഡിപ്പിച്ചു എന്ന രണ്ടാമത്തെ കേസിൽ രാഹുലിന് ഇന്നലെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 3 മാസത്തേക്ക്, ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാകണം. ഇതിനുപുറമേ, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ് നസീറ നിർദേശിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.




