മധ്യപ്രദേശിലെ ഭോപ്പാലിൽ ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കിയ സെക്സ് റാക്കറ്റിലെ മുഖ്യപ്രതികളായ അമ്രീൻ, ആഫ്രീൻ എന്നീ സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സഹായിയായ ചന്ദൻ യാദവും പിടിയിലായപ്പോൾ, കേസിലെ മറ്റു പ്രതികളായ ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ പ്രതിമാസം പതിനായിരം രൂപ ശമ്പളവും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് വലയിലാക്കിയായിരുന്നു ഇവരുടെ തട്ടിപ്പ്. ഇത്തരത്തിൽ എത്തുന്ന പെൺകുട്ടികളെ ആഡംബര പാർട്ടികളിലും പബ്ബുകളിലും എത്തിച്ച് സമ്പന്നരായ പുരുഷന്മാർക്കൊപ്പം ഇടപഴകാൻ നിർബന്ധിക്കുകയും ലഹരിമരുന്ന് നൽകി ചൂഷണം ചെയ്യുകയും ചെയ്തിരുന്നതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
തട്ടിപ്പിനിരയായ രണ്ട് യുവതികൾ നൽകിയ പരാതിയെത്തുടർന്നാണ് ക്രൂരമായ ഈ വിവരം പുറംലോകമറിഞ്ഞത്. ഛത്തീസ്ഗഡിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന ഒരു പരാതിക്കാരിയെ 2025 ഡിസംബറിൽ അഹമ്മദാബാദിലെത്തിച്ച് അമ്രീന്റെ ബന്ധുവായ യാസിർ പീഡിപ്പിച്ചതായാണ് മൊഴി. മറ്റൊരു പരാതിക്കാരിയെ അമ്രീന്റെ വീട്ടിൽ വെച്ച് ചന്ദൻ യാദവ് പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികളുടെ ഫോണുകളിൽ നിന്ന് നിർണായകമായ ഫോട്ടോകളും തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




