Crime Featured

വിട്ടുപോയ കാമുകിയുടെ വീടിന് ഗ്രനേഡ് എറിഞ്ഞു; സ്‌ഫോടനത്തില്‍ മരണമടഞ്ഞത് കാമുകന്‍…!

വിട്ടുപോയ കാമുകി തിരിച്ചുവരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകന്‍ യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞു. സ്‌ഫോടനത്തില്‍ കാമുകന്‍ മരിക്കുകയും കാമുകി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. തായ്‌ലന്റില്‍ നടന്ന സംഭവത്തില്‍ ഒരു 35 കാരനാണ് പ്രതിയും ഇരയുമായത്. മെയ് 25 ന് തായ്‌ലന്റിലെ താ ചാന ജില്ലയിലാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

പ്രണയികള്‍ വേര്‍പിരിഞ്ഞതിന് ശേഷം അനുരഞ്ജനം എന്ന നിലയില്‍ കാമുകന്‍ സുരപോംഗ് തോങ്‌നാക്ക് തന്റെ മുന്‍ കാമുകിയുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ അയാളുമായി ഒത്തുപോകാന്‍ അവര്‍ തയ്യാറല്ലായിരുന്നു. കാമുകിയുടെ മനസ്സ് മാറ്റാന്‍ പരാജയപ്പെട്ട അയാള്‍ പെട്ടെന്ന് പ്രകോപിതനാകുകയും ഒരു കത്രികയെടുത്ത് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വഴിയാത്രക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുകയും സുരപോംഗിനെ തടയുകയും ചെയ്തു.

കോപാകുലനായ സുരപോംഗ് തന്റെ കാറിലേക്ക് പോയി തിരികെ വന്നത് ഒരു ഗ്രനേഡുമായിട്ടായിരുന്നു. അതെടുത്ത് തന്നെ തടയാന്‍ തടിച്ചുകൂടിയ ആളുകള്‍ക്ക് നേരെ എറിഞ്ഞെങ്കിലും അത് പെട്ടെന്ന് പൊട്ടിയില്ല. ഇതോടെ അതെടുത്ത് വീണ്ടുമെറിയാനായി സുരപോംഗ് നിലത്തുനിന്നും എടുത്തപ്പോള്‍ കയ്യിലിരുന്ന് പൊട്ടി.

സ്‌ഫോടനത്തിന്റെ ശക്തിയില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. അധികൃതര്‍ സംഭവസ്ഥലം പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സുരപോംഗിനെ കണ്ടെത്തി. സംഭവത്തില്‍ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി താ ചാന ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗ്രനേഡ് പൊട്ടിത്തെറിക്കും മുമ്പ് വീടിനകത്തേക്ക് ഓടിക്കറയറിയതിനാല്‍ സുരപോങ്ങിന്റെ കാമുകി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സുരപോങ്ങിന്റെ തകര്‍ന്ന ഹോണ്ട സിവിക് കാറിനുള്ളില്‍ നിന്ന് 500 ഗ്രാം മെത്താംഫെറ്റാമൈനും പോലീസ് കണ്ടെത്തി.