കോട്ടയം: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ കേസിലെ പ്രതി സാം കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തിനുശേഷമെന്നു പോലീസ്. കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ താമസിക്കുന്ന സാം ജോര്‍ജാ(59)ണ് ഭാര്യ ജെസി(49)യെ കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്ക് മുമ്പ്, മൃതദേഹം ഉപേക്ഷിച്ച ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടുത്തെ സാഹചര്യങ്ങള്‍ കണ്ടു മനസിലാക്കി. 26 വൈകിട്ട് ആറിന് വീട്ടിലെത്തിയ സാം വീട്ടിലുണ്ടായിരുന്ന ജെസിയുമായി തമ്മില്‍ സിറ്റൗട്ടില്‍ വച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായി. കൈയില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ അപ്പോഴാണ് പ്രയോഗിച്ചതെന്നു പോലീസ് പറഞ്ഞു.
തുടര്‍ന്ന് ജെസിയെ കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രാത്രി വൈകിയും സഞ്ചാരികള്‍ വാഹനം നിര്‍ത്തി ഇറങ്ങി നില്‍ക്കുന്ന സ്‌ഥലമാണെന്ന് അറിയാവുന്നതിനാല്‍ പുലര്‍ച്ചെ ഒന്നോടെയോടെയാണ് മൃതദേഹവുമായി ചെപ്പു കുളത്ത് എത്തിയത്. പരാതി ലഭിച്ചതിനു പിന്നാലെ, നാട്ടില്‍നിന്നു മുങ്ങിയ സാമിനു പിന്നാലെ സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലീസും നീങ്ങി.
തൊടുപുഴയില്‍ ഇയാള്‍ എത്തിയതായി വ്യക്‌തമായെങ്കിലും പോലീസ് എത്തുന്നതിനും മുമ്പേ വിദേശ വനിതയ്‌ക്കൊപ്പം മൈസൂരുവിലേക്ക് കടക്കുകയായിരുന്നു. 50 അടി താഴ്‌ചയില്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്.
പ്രതി സാം 59-ാം വയസിലാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സ് പഠിക്കാന്‍ എം.ജി. സര്‍വകലാശാലയില്‍ ചേര്‍ന്നത്. അവിടെ സഹപാഠിയായ ഇറാന്‍ സ്വദേശിനിക്കൊപ്പം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തുമായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെ ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്‌ച മുമ്പ് വഴക്കു നടന്നിരുന്നതായി പോലീസ് പറയുന്നു.
പഠനത്തിനും ജോലിക്കുമായി മക്കളെല്ലാംവിദേശത്തേക്ക് പോയതോടെ ആറു മാസമായി ജെസി ഒറ്റയ്‌ക്കാണു മുകളിലത്തെ നിലയില്‍ കഴിഞ്ഞിരുന്നത്. ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണു പോലീസില്‍ പരാതിപ്പെട്ടത്. 1994 ബംഗളൂരുവിലെ വിവേക് നഗറില്‍ വച്ചാണ് സാം ജെസിയെ വിവാഹം ചെയ്‌തത്. പക്ഷേ ഇവരുടെ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല.
അറസ്‌റ്റ് ചെയ്‌ത സാമിനെ കോടതി അഞ്ചു ദിവസത്തേക്കു പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. മൃതദേഹം ഒളിപ്പിച്ചു കൊണ്ടുപോയ വാഹനം കോട്ടയം ശാസ്‌ത്രീ റോഡില്‍ പാര്‍ക്കു ചെയ്‌ത നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. പ്രതി സാം ജോര്‍ജുമായി ഇന്നലെ വൈകിട്ടു വാഹനത്തില്‍ പോലീസ് തെളിവെടുപ്പു നടത്തി.




