എന്നെപ്പറ്റി ആദ്യമായി…. അല്ല, മുന്‍പ് പലപ്പോഴും എന്നെക്കുറിച്ച് സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനോടും നന്ദി. ചലച്ചിത്ര ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയ്‌ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിലെ അദ്ദേഹത്തിന്റെ വാക്കുകളാണിത്. പണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ കമന്റാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഓര്‍മ്മവരിക.
മോഹൻലാലിന് ഒരു ഗുണ്ടയുടെ ഇമേജ് ഉള്ളയാളാണെന്നും അദ്ദേഹത്തെ വച്ച് ഒരിക്കലും ഞാന്‍ സിനിമ ചെയ്യില്ല എന്നാണ് സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞത്. അന്ന് ആ പരാമര്‍ശം വിവാദമാകുകയും ചെയ്തിരുന്നു. അതിനുള്ള മധുരമായ മറുപടിയാണോ മോഹന്‍ലാലിന്റെ ഈ വാക്കുകള്‍. അതേ അടൂര്‍തന്നെ ചടങ്ങില്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
‘‘മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഇനിയും അവസരം കിട്ടിയിട്ടില്ല, എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്നതായി അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. മലയാളത്തിന്റെ വലുപ്പത്തെ ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കുന്ന വ്യക്‌തിത്വമാണ് മോഹന്‍ലാല്‍.’’ മോഹന്‍ലാലിനെ ആദരിക്കുന്ന മലയാളം വാനോളം ലാല്‍സലാം പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്‌ണന്‍.




