തെരുവില്‍ മറ്റൊരു സ്ത്രീയെ അഭിവാദ്യം ചെയ്തതിന് കാമുകി ആക്രമിച്ച യുവാവിന് ജീവന്‍ നഷ്ടമായി. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലെ ഒരു നഗരമായ ഗോണ്‍സാലസ് കാറ്റാനില്‍ നിന്നുള്ള മരിയാനോ ഗ്രിന്‍സ്പണ്‍ എന്ന 23 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 21 ന് അതിരാവിലെ ഗോണ്‍സാലസ് കാറ്റാനിലെ ബാല്‍ബോവ, ലാ ബാസ്റ്റില്ല തെരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാമുകി നതാച്ച പാലവെസിനോയെ പോലീസ് അറസ്റ്റ്‌ചെയ്തു.
ഗ്രിന്‍സ്പണും കാമുകി നതാച്ച പാലവെസിനോയും കൈകോര്‍ത്ത് തെരുവിലൂടെ നടക്കുമ്പോള്‍ അവരുടെ അരികിലേക്ക് ഓടിയെത്തിയ ഒരു സ്ത്രീ മരിയാനോയെ അഭിവാദ്യം ചെയ്തു. അവന് സുഖമാണോ എന്ന ലളിതമായ അഭിവാദ്യം മതിയായിരുന്നു കാമുകിയെ ഭ്രാന്തയാക്കാന്‍. അവള്‍ ഒളിച്ചുവച്ച കത്തി പുറത്തെടുത്ത് അവനെ ആക്രമിച്ചു. മരിയാനോ ഗ്രിന്‍സ്പണിനെ അഭിവാദ്യം ചെയ്ത സ്ത്രീ അവന്റെ പഴയ സഹപാഠിയായിരുന്നു. പക്ഷേ അത് അവന്റെ കാമുകിക്ക് സമ്മതമായ കാര്യമായിരുന്നില്ല.
തന്റെ പുരുഷനോട് സംസാരിച്ച സ്ത്രീയേയും അവള്‍ ആക്രമിച്ചു. പേരുവെളിപ്പെടുത്താത്ത ആ യുവതിയുടെ കക്ഷത്തിന് കുറുകെയാണ് കാമുകി വെട്ടിയത്. അജ്ഞതനായ ഒരു മനുഷ്യന്റെ ഇടപെടലിലാണ് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. ഇയാള്‍ നതാച്ചയെ വലിച്ചുമാറ്റി മറ്റൊരു വശത്തേക്ക് തള്ളിയിട്ടു. എന്നാല്‍ മരിയാനോയ്ക്ക് ഈ ഭാഗ്യം കിട്ടിയില്ല. അയാളുടെ നെഞ്ചില്‍ തന്നെയായിരുന്ന കുത്തേറ്റത്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ദൃക്സാക്ഷികള്‍ എമര്‍ജന്‍സി സര്‍വീസുകളെ വിളിച്ചെങ്കിലും ആ മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതേസമയം നതാച്ച കാമുകന്മാരെ ആക്രമിക്കുന്നത് ഇതാദ്യമല്ല. 2021 ലും ഇവര്‍ മറ്റൊരാളെ ആക്രമിച്ചിരുന്നു. അയാളുടെ നെഞ്ചില്‍ കുത്തിയതിന് ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. മരിയാനയെ നതാച്ച മുമ്പും ആക്രമിച്ചിട്ടുണ്ട്.
നതാച്ചയുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കാന്‍ മരിയാനയെ എല്ലാവരും നിര്‍ബന്ധിച്ചു. എന്നിരുന്നാലും, മറ്റൊരു അവസരംകൂടി നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. കാമുകനെ കൊലപ്പെടുത്തിയതിനും തെരുവില്‍ അവനെ അഭിവാദ്യം ചെയ്ത സ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും 32-കാരിയായ പലവെസിനോ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവരും.