Good News

അമേരിക്കയില്‍ ജഡ്ജിയായി ഇന്ത്യന്‍ വനിത: സ്വാഗതം തെലുങ്കില്‍, അവസാനിപ്പിച്ചത് സംസ്‌കൃതത്തില്‍- വീഡിയോ

യു എസ് ജഡ്ജിയായി നിയമിതയായ ആദ്യ തെലുങ്കു സ്വദേശിയാണ് ജയ ബാഡിഗ. കലിഫോര്‍ണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പിരിയര്‍ കോടതി ജഡ്ജിയായിയാണ് ജയയ്ക്ക് നിയമനം ലഭിച്ചത്. എന്നാല്‍ ഈ നിയമനത്തേക്കാൾ വാര്‍ത്തയായത് ബാഡിഗയുടെ സത്യപ്രതിജ്ഞ വീഡിയോയായിരുന്നു. അമേരിക്കയില്‍ ജീവിക്കുകയും പൗരത്വം സ്വീകരിക്കുകയും ചെയ്തിട്ടും തന്റെ പൈതൃകത്തിനെയും സംസ്‌കാരത്തിനെയും മാതൃഭാഷയേയും ബാഡിഗ മുറുകെ പിടിച്ചു.

ജഡ്ജിയായി നിയമിതയായ ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തെലുങ്കിലാണ് അവര്‍ സ്വാഗതം പറഞ്ഞത്. അസതോ മാ സദ്ഗമയ എന്ന സംസ്കൃത ശ്ലോകത്തോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.

സ്വന്തം ഭാഷയെയും സംസ്‌കാരത്തെയും മറക്കാതെ എത്ര ഉന്നത പദവിയിലെത്തിയാലും ഇതുപോലെ പ്രവര്‍ത്തിക്കാനും പെരുമാറാനും നമുക്കൊക്കെ സാധിക്കണമെന്നും പലരും ചൂണ്ടിക്കാണിച്ചു. ജയ ഒരു സര്‍ട്ടിഫൈഡ് ഫാമിലി ലോ സ്പെഷ്യലിസ്റ്റായിരുന്നു. വ്യവസായ പ്രമുഖനും മച്ചിലിപട്ടണം മുന്‍ ലോക്‌സഭാ എംപിയുമായ ബഡിഗ രാമകൃഷ്ണയുടെ മകളാണ്.

2022 മുതല്‍ സാക്രമെന്റോ സുപ്പീരിയര്‍ കോടതിയില്‍ കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്. 2020ല്‍ കലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് കെയര്‍ സര്‍വീസസിലും 2018ല്‍ കലിഫോര്‍ണിയ ഗവര്‍ണറുടെ ഓഫീസ് ഓഫ് എമര്‍ജന്‍സി സര്‍വീസസിലും അറ്റോര്‍മിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജയ ബാഡിയയുടെ ജനനം ആന്ധ്രപ്രദേശിലെ വിജയവാഡ നഗരത്തിലാണ് . ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. പിന്നീട് ഉപരിപഠനത്തിനായി യുഎസിലേക്ക് മാറി. യുഎസിലെ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് ഇന്റര്‍നാഷണൽ റിലേഷൻസിലും ഇന്റര്‍നാഷണൽ കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടി. തുടർന്ന് സാന്താ ക്ലാര സർവകലാശാലയിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദം നേടി.