Hollywood

സക്രീമിന്റെ ഏഴാം പതിപ്പില്‍ കാംബെല്‍ തന്നെ വേണം; നടിയെ തിരികെ കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമം

ഹൊറര്‍സിനിമകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നായിക. സക്രീം സിനിമകളിലെ നായിക നീവ് കാംപ്‌ബെല്ലിനെ ഇങ്ങിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. 20 വര്‍ഷത്തിലേറെയായി സ്‌ക്രീം ഫ്രാഞ്ചൈസിയെ അവരുടെ വിവിധ സിനിമകളില്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് സ്ഥിരമായി നയിച്ചയാളാണ് കാംബെല്‍. സ്‌ക്രീമിന്റെ ഏഴാം പതിപ്പിലും കാംബെല്ലിനെ തിരികെ കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് അണിയറക്കാര്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് സ്‌ക്രീമിന്റെ ഏഴാം പതിപ്പിനെക്കുറിച്ചുള്ള സ്ഥിരീകരണം വന്നത്.

സിഡ്നി പ്രെസ്‌കോട്ടിനായി നിരവധി വലിയ നടിമാരെ പരിഗണിച്ചിരുന്നെങ്കിലും കാംബെല്‍ തന്നെയാണ് മികച്ച ചോയ്‌സ് എന്നാണ് ഫ്രാഞ്ചൈസി കരുതുന്നത്. അതേസമയം സ്‌ക്രീം 7 ന്റെ കാര്യത്തില്‍ കാംബെല്ലിനെ തിരികെ കൊണ്ടുവരുന്നതിലെ ഏറ്റവും വലിയ തടസ്സം സ്‌ക്രീം സിക്‌സുമായി ബന്ധപ്പെട്ട പ്രതിഫല തര്‍ക്കമാണ്. എന്നാല്‍ അഞ്ചാമത്തെയും ആറാമത്തെയും സ്‌ക്രീം സിനിമകള്‍ പുതിയ തലമുറയിലെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളവ ആയിരുന്നതിനാല്‍ കാംബെല്ലിന് സാധ്യത ഇല്ലായിരുന്നു. എന്നാല്‍ വീണ്ടും സിനിമ പരിഗണിക്കുമ്പോള്‍ കാംബെല്ലിനെ തിരികെ കൊണ്ടുവരാന്‍ സാഹചര്യവും മറ്റുകാര്യങ്ങളും ഫ്രാഞ്ചൈസിയെ നിര്‍ബ്ബന്ധിതമാക്കുന്നതായി വിവരമുണ്ട്.

ഒരു പുതിയ സംവിധായകനുമായി സ്‌ക്രീം 7 പ്രവര്‍ത്തിക്കുന്നതായി സ്ഥിരീകരിച്ചതിനാല്‍, സിഡ്നി പ്രെസ്‌കോട്ടായി കാംബെല്‍ മടങ്ങിവരാന്‍ സാധ്യതയുണ്ട്. ഫ്രാഞ്ചൈസിയിലെ ആദ്യ അഞ്ച് ചിത്രങ്ങളില്‍ സിഡ്‌നി പ്രെസ്‌കോട്ട് ആയി അഭിനയിച്ചത് 49 കാരിയായ കാംബെല്ലായിരുന്നു. എന്നാല്‍ ശമ്പള തര്‍ക്കം കാരണം കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ആറാം പതിപ്പില്‍ നിന്നും അവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഏഴാം പതിപ്പിലേക്ക് അവരെ തിരികെ കൊണ്ടുവരാന്‍ നിര്‍മ്മാതാക്കളോട് സീരീസ് സൃഷ്ടാക്കള്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്