ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. അദ്ദേഹം പോകുന്നിടത്തെല്ലാം സെൽഫിയെടുക്കാനും ഒരുനോക്ക് കാണാനും ആരാധകർ തടിച്ചുകൂടാറുണ്ട്. അത്തരത്തിൽ വിരാട് കോഹ്‌ലിയെ നേരിൽ കണ്ടെന്ന് കരുതി ആവേശഭരിതനായ ഒരു കൊച്ചുകുട്ടിയുടെ മനോഹരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എന്നാൽ, കുട്ടി കണ്ടത് യഥാർത്ഥ വിരാട് കോഹ്‌ലിയെ ആയിരുന്നില്ല, മറിച്ച് അദ്ദേഹവുമായി അസാധ്യ സാദൃശ്യമുള്ള കാർത്തിക് ശർമ്മ എന്ന വ്യക്തിയെയായിരുന്നു.
വൈറൽ വീഡിയോയിൽ, കാർത്തിക് ശർമ്മയെ കണ്ട് വിരാട് കോഹ്‌ലി തന്നെയെന്ന് കുട്ടി ഉറച്ചു വിശ്വസിക്കുന്നത് കാണാം. വീഡിയോ എടുക്കുന്നയാൾ “ഇത് ആരാണ്?” എന്ന് കുട്ടിയോട് ചോദിക്കുമ്പോൾ, തികഞ്ഞ ആത്മവിശ്വാസത്തോടെ “വിരാട് കോഹ്‌ലി” എന്ന് കുട്ടി മറുപടി നൽകുന്നു. കുട്ടിയുടെ ഈ നിഷ്കളങ്കമായ മറുപടി കേട്ട് കാർത്തിക് ശർമ്മ പൊട്ടിച്ചിരിക്കുകയാണ്. എങ്കിലും കുട്ടിയുടെ സന്തോഷം കെടുത്താതെ, അദ്ദേഹം യഥാർത്ഥ ക്രിക്കറ്റ് താരത്തെപ്പോലെ തന്നെ പെരുമാറുകയും കുട്ടിക്കൊപ്പം സന്തോഷത്തോടെ ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു.
വിരാട് കോഹ്‌ലിയുടേതിന് സമാനമായ ഹെയർസ്റ്റൈൽ, താടി, മുഖഭാവങ്ങൾ എന്നിവയുള്ള കാർത്തിക് ശർമ്മ, “കുട്ടികളുടെ സന്തോഷം വ്യക്തിപരമായ സന്തോഷമായി തോന്നുന്നു” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
കാർത്തിക് ശർമ്മയ്ക്ക് വിരാട് കോഹ്‌ലിയുമായുള്ള അസാധാരണമായ സാദൃശ്യം കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അത്ഭുതപ്പെടുകയാണ്. ശരിക്കും ഇത് വിരാട് കോഹ്‌ലി തന്നെയാണോ എന്ന് ഉറപ്പിക്കാൻ വീഡിയോ രണ്ട് തവണ കാണേണ്ടി വന്നെന്നാണ് പലരും കമന്റ് ചെയ്യുന്നത്. കോഹ്‌ലി രഹസ്യമായി വേഷം മാറി വന്നതാണോ എന്ന് തമാശയായി ചോദിക്കുന്നവരും കുറവല്ല. എന്തായാലും വിനോദത്തിനപ്പുറം, കുട്ടിയോട് കാർത്തിക് കാണിച്ച സ്നേഹവും ആ കൊച്ചുമിടുക്കന്റെ നിഷ്കളങ്കമായ സന്തോഷവും സോഷ്യൽ മീഡിയയുടെ മനസ്സ് കവരുകയാണ്.




