Crime Featured

സെബാസ്‌റ്റ്യന്‍ സീരിയല്‍ കില്ലര്‍? സിനിമകളെ വെല്ലും, കൂടുതല്‍ മൃതദേഹാവശിഷ്‌ടങ്ങള്‍, ഭീതിയുടെ മുള്‍മുനയില്‍ ഒരു ഗ്രാമം

നാലു സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു വീണ്ടും മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതോടെ ചേര്‍ത്തല പള്ളിപ്പുറം ഗ്രാമം ഭീതിയുടെ മുള്‍മുനയില്‍.
പഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡില്‍ ചെങ്ങത്തറ സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പില്‍ നേരത്തെ അസ്‌ഥികൂടാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ സ്‌ഥലത്തുനിന്നാണ്‌ വീണ്ടും ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തത്‌. കാലങ്ങളായി വീട്‌ അടഞ്ഞു കിടക്കുകയാണ്‌. സെബാസ്‌റ്റ്യന്‍ വല്ലപ്പോഴുമാണ്‌ ഇവിടെയെത്താറുള്ളത്‌.

കാടുകയറിയ പുരയിടത്തിലൂടെ സഞ്ചരിക്കാന്‍ പോലും പ്രദേശവാസികള്‍ക്ക്‌ ഭയമാണ്‌. രണ്ടര ഏക്കറോളം സ്‌ഥലമാണുള്ളത്‌. കുടുംബ ഓഹരിയാണിത്‌. അടുത്തിടെ വീതംവയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും സെബാസ്‌റ്റ്യന്‍ എതിര്‍ത്തതിനാല്‍ നടപടി പൂര്‍ത്തിയാക്കാനായില്ല. ചതുപ്പും തോടുകളും നിറഞ്ഞതാണ്‌ ഭൂമി. പല ഭാഗങ്ങളും കുഴിച്ചായിരുന്നു തെരച്ചില്‍.

ചേര്‍ത്തലയില്‍ കാണാതായ സ്‌ത്രീകളെ സെബാസ്‌റ്റ്യന്‍ അപായപ്പെടുത്തിയോ എന്നാണ്‌ അന്വേഷണ സംഘത്തിന്റെ സംശയം.നേരത്തെ കണ്ടെത്തിയ അസ്‌ഥിഭാഗങ്ങളില്‍ നിന്ന്‌ ലഭിച്ച പല്ലുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ്‌ വിവരം. ശാസ്‌ത്രീയ പരിശോധനയില്‍ ഈ അസ്‌ഥികള്‍ക്ക്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണു നിഗമനം. പുതിയതായി രണ്ട്‌ സിം കാര്‍ഡുകളും വീട്ടില്‍ നിന്ന്‌ കണ്ടെടുത്തു. സെബാസ്‌റ്റ്യന്‍ നിരന്തരം ഫോണുകളും സിം കാര്‍ഡുകളും മാറ്റിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.പ്രതി നിലവില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി അയയ്‌ക്കാന്‍ നടപടിയായി.