Health

ഗര്‍ഭിണികള്‍ക്ക് തിളപ്പിക്കാത്ത പാല്‍ കുടിക്കാമോ? വാസ്തവം ഇതാണ്

പച്ചപ്പാല്‍ കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അടുത്തകാലത്ത് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഗര്‍ഭിണികള്‍ക്ക് ഇത് അത്യുത്തമമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലടക്കം പ്രചരിച്ച റീല്‍സുകളിലൂടെ ഉള്ളടക്കം. എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് ? ഗര്‍ഭിണികള്‍ തിളപ്പിക്കാത്ത പാല്‍കുടിച്ചാല്‍ എന്ത് സംഭവിക്കും?

കറന്നെടുത്ത പശുവിന്റെ പാലും ആട്ടിന്‍ പാലുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച് ഇത് കുടിക്കുന്ന ‘പഴമ’ക്കാരുടെ ആരോഗ്യത്തെ കുറിച്ചെല്ലാം ആളുകള്‍ വാതോരാതെ വാട്സ്ആപ്പിലും മറ്റും പ്രചാരണം നടത്തുണ്ട്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ഇത് അത്ര നല്ലതല്ല. തിളപ്പിക്കാത്ത പാലില്‍ അപകടകാരികളായ ബാക്ടീരിയകളുണ്ടാകും. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.

കറന്നെടുത്ത ചൂട് പാലില്‍ ഇ കോളി , സാല്‍മണെല്ല, ലിസ്റ്റിരിയ , മൈക്കോബാക്ടീരീയം , ട്യുബര്‍കുലോസിസ് എന്ന് വേണ്ട അപകടകാരികളായ ബാക്ടീരിയകള്‍ ഉണ്ടാകാം. ഇത് വേഗത്തില്‍ പെരുകുകയും ചെയ്യും. ഇത് ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ശരീരത്തിലെത്തിയാല്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷകരമാകും.

ലിസ്റ്റീരിയ ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ തലച്ചോറിനെ ബാധിക്കും. ജീവഹാനിക്ക് വരെ കാരണാകുന്നു. സാല്‍മണല്ലയാവട്ടെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കും. ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ പ്രത്യേകിച്ച് എച്ച്.ഐ.വി, കാന്‍സര്‍, പ്രമേഹരോഗികള്‍, കുട്ടികള്‍,പ്രായമായവര്‍ എന്നിവര്‍ നിര്‍ബന്ധമായും തിളപ്പിക്കാത്ത പാല്‍ കുടിക്കുന്നത് തീര്‍ത്തും ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

19-ാം നൂറ്റാണ്ടിലാണ് പാല്‍ തിളപ്പിച്ച് ഉപയോഗിക്കുന്ന രീതിയ്ക്ക് തുടക്കമായത്. അക്കാലത്ത് ക്ഷയരോഗം വ്യാപകമായിരുന്നു. പാലിലൂടെ രോഗാണു പകരുന്നുവെന്ന വ്യാപക പ്രചരണങ്ങളെ തുടര്‍ന്നാണ് പാല്‍ 30 സെക്കന്റ് നേരം തിളപ്പിച്ച ശേഷം ഉപയോഗിക്കാന്‍ തുടങ്ങിയത്.