Crime

15കാരിയുടെ തല അറുത്തുമാറ്റി; വെട്ടിമുറിച്ച മൃതശരീരം ഗായകന്‍റെ കാറില്‍; ദുരൂഹത

ഗായകന്‍ ഡേവിഡ് ആന്തണി ബര്‍ക്കിന്റെ കാറില്‍നിന്ന് 15കാരിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഗായകന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊലപാതകത്തിന്റെ സാധ്യതകളിലേക്കാണ് നിലവിലെ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും ലോസ് ഏയ്ഞ്ചല്‍സ് പൊലീസ് പറയുന്നു. സെലസ്റ്റ് റിവാസ് ഹെര്‍ണാണ്ടസെന്ന പെണ്‍കുട്ടിയുടെ വെട്ടിനുറുക്കപ്പെട്ട മൃതദേഹമാണ് ഗായകന്റെ കാറില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.

കൊല്ലപ്പെട്ട സെലസ്റ്റിനും ഡേവിഡുമായി പ്രണയത്തിലായിരുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് തെളിവായി ചാറ്റുകളും പൊലീസ് കണ്ടെടുത്തു. സെലസ്റ്റിനൊപ്പമുള്ള ഡേവിഡിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പ്രണയം സംബന്ധിച്ച് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഡേവിഡിനൊപ്പം സിനിമ കാണാന്‍ പോയതിന് ശേഷമാണ് മകളെ കാണാതായതെന്ന് കുടുംബം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

2024 ഏപ്രില്‍ അഞ്ചിനാണ് കലിഫോര്‍ണിയയില്‍ നിന്നും സെലസ്റ്റിനെ കാണാതായത്. മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ എട്ടിന് തല അറുത്തു മാറ്റിയ നിലയില്‍ കൈകാല്‍ മുട്ടുകള്‍ പലതായി വെട്ടി നുറുക്കി, ശരീരത്തിലെ മറ്റ് ഭാഗങ്ങളും വെട്ടിനുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയില്‍ മൃതദേഹം ഡേവിഡിന്റെ കാറില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഡേവിഡിന്റെ ഹോളിവുഡ് ഹില്‍സിലെ പ്രോപ്പര്‍ട്ടിയില്‍ ഒരുമാസമായി നിര്‍ത്തിയിട്ടിരുന്ന ടെസ്‌ല കാറിനുള്ളിലായിരുന്നു മൃതദേഹം. വീടിന്റെ മുന്‍വശത്ത് നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയില്‍ ഇത് സെലസ്റ്റിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സെലസ്റ്റിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡേവിഡാണോ കൊലയാളിയെന്നും അങ്ങനെയെങ്കില്‍ മൃതദേഹം വെട്ടിമുറിക്കുന്നതിനടക്കം പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.