ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ മൻസൂറ ഹജസ്ത ബാഖിർസാദയും കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ശനിയാഴ്ച ഇറാനിലെ സുപ്രധാന സൈനിക-സുരക്ഷാ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം (Tasnim) റിപ്പോർട്ട് ചെയ്തു.
ഖാംനഈയുടെ വസതിക്ക് നേരെയുണ്ടായ അതേ മിസൈൽ ആക്രമണത്തിലാണ് ഇവർക്കും പരിക്കേറ്റതെന്നും മൻസൂറ രക്തസാക്ഷിത്വം വരിച്ചതായും പ്രസ് ടി.വി അറിയിച്ചു. ആക്രമണത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ ഖമനയി കൊല്ലപ്പെട്ട വിവരം നേരത്തെ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും ഈ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
ഖാംനഈയുടെ മരണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടാണ് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുകയാണെന്നും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




