അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് എ ഗ്രൂപ്പിലെ അവസാന മത്സരത്തിനായി ഇന്ത്യയിറങ്ങും. അഹമ്മദബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളി.
മൂന്ന് കളികളും ജയിച്ച് ആറ് പോയിന്റ് നേടിയ ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പാക്കി. മൂന്ന് കളികളില്‍നിന്ന് ഒരു ജയം മാത്രമുള്ള ഡച്ചുകാര്‍ക്ക് സൂപ്പര്‍ എട്ട് അപ്രാപ്യമാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയം റണ്ണൊഴുകലിനു പേരുകേട്ടതാണ്. ഇതുവരെ നടന്ന രണ്ട് മത്സരങ്ങളും അതിനു തെളിവാണ്. ദക്ഷിണാഫ്രിക്ക 213 റണ്ണും ന്യൂസിലന്‍ഡ് 175 റണ്ണുമെടുത്തു.
ഐ.സി.സി. ടൂര്‍ണമെന്റില്‍ ഇന്ത്യ തുടര്‍ച്ചയായി 16 മത്സരങ്ങള്‍ ജയിച്ചു. ഇതേ വേദിയില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലാണ് ഇന്ത്യ അവസാനം തോറ്റത്. 2006 ലെ ചാമ്പ്യന്‍സ് ട്രോഫി മുതല്‍ 2007 ലെ ഏകദിന ലോകകപ്പ് വരെ തുടരെ 15 മത്സരങ്ങള്‍ ജയിച്ച ഓസ്‌ട്രേലിയയുടെ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്.
ഡച്ചുകാര്‍ക്കെതിരേ നടന്ന നാല് മത്സരങ്ങളും ജയിച്ച മുന്‍തൂക്കവുമായാണ് സൂര്യകുമാര്‍ യാദവും സംഘവും ഇന്നു കളിക്കുക. ട്വന്റി20 യിലെ മികച്ച ബാറ്ററെന്ന ഖ്യാതിയുമായി കളിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്‌ക്ക് പരീക്ഷണ സമയമാണ്. ഭക്ഷ്യ വിഷബാധ മൂലം കഷ്‌ടപ്പെട്ട അഭിഷേക് കളിച്ച രണ്ട് കളികളിലും പൂജ്യത്തിനു മടങ്ങി. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ താരം രണ്ടാമത്തെ മത്സരത്തില്‍ നാല് പന്തുകള്‍ നേരിട്ട ശേഷമാണു മടങ്ങിയത്. ഓഫ് സ്‌പിന്നര്‍ ആര്യന്‍ ദത്തിനെയാകും അഭിഷേകിനെ തളയ്‌ക്കാന്‍ ഡച്ചുകാര്‍ ആദ്യം എറിയിക്കുക.
പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ആഗ അഭിഷേകിനെ റണ്ണെടുക്കാന്‍ വിടാതെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഇന്ത്യന്‍ ടീമില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്കു സാധ്യതയില്ല. എന്നാല്‍ നമീബിയക്കെതിരായ മത്സരത്തില്‍ 8 പന്തിൽ 22 റൺസെടുത്ത് തകർപ്പൻ തുടക്കം നൽകിയെങ്കിലും, വീണ്ടും ഒരു മോശം ഷോട്ടിലൂടെ പുറത്തായത് സഞ്ജുവിന്റെ സ്ഥിരതയില്ലാത്ത ബാറ്റിംഗിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. മികച്ച ഫോമിലുള്ള കിഷന് നാളത്തെ മത്സരത്തിൽ വിശ്രമം നൽകി, അഭിഷേകും സാംസണും തമ്മിലുള്ള നേരിട്ടുള്ള ഒരു പോരാട്ടത്തിന് ടീം മാനേജ്‌മെന്റ് മുതിർന്നേക്കാം. സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുന്നോടിയായി ഓപ്പണിംഗ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ ഇരുവർക്കും ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇത്.
2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പരീക്ഷണങ്ങൾക്ക് സാധ്യതയില്ലെന്ന് ബാറ്റിംഗ് പരിശീലകൻ സിതാൻഷു കോട്ടക് വ്യക്തമാക്കി. ഇന്ത്യ ഇതിനോടകം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയതിനാൽ ഫലം ബാധിക്കാത്ത മത്സരമാണിതെങ്കിലും ടീം ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്,” കോട്ടക് പറഞ്ഞു. “ഈ ഗ്രൗണ്ടിൽ ഇതിന് ശേഷം നടക്കുന്ന അടുത്ത മത്സരം 22-ാം തീയതിയാണ് (ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ). ഫൈനലും ഇവിടെ നടന്നേക്കാം. അതിനാൽ ഇവിടുത്തെ സാഹചര്യങ്ങളുമായി കളിക്കാർ പൊരുത്തപ്പെടുന്നത് നല്ലതാണ്.”
കൊളംബോയിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇലവനിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കോട്ടക് തള്ളിക്കളഞ്ഞില്ല. അന്ന് മൂന്ന് സ്പിന്നർമാരെയും ജസ്പ്രീത് ബുംറ എന്ന ഏക സ്പെഷ്യലിസ്റ്റ് പേസറെയുമാണ് ഇന്ത്യ ഇറക്കിയത്. “പരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എങ്കിലും പിച്ച് പരിശോധിച്ച ശേഷം സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഷേക് ശർമ്മയുടെ ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന്, ടീം അതിനെ അമിതമായി ആശങ്കയോടെ കാണുന്നില്ലെന്നായിരുന്നു കോട്ടകിന്റെ മറുപടി.
ഇടംകൈയന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനു പകരം ഇടംകൈയന്‍പേസര്‍ അര്‍ഷദീപ് സിങ്ങിനു സാധ്യതയുണ്ട്. അഹമ്മദാബാദിലെ പിച്ചിന്റെ വേഗം മൂന്‍നിര്‍ത്തിയാണിത്. ഡച്ചുകാര്‍ ടിം വാന്‍ ഡര്‍ ഗുഗ്‌ടണ്‍, കെയ്‌ല്‍ ക്ലീനിന്‍ എന്നിവരെ മാറിമാറി പരീക്ഷിക്കുകയാണ്. ഒരു മത്സരം മാത്രം കളിച്ച പോള്‍ വാന്‍ മീകാരനും ഇന്നു സാധ്യതയുണ്ട്.
സാധ്യതാ ടീം: ഇന്ത്യ – അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (നായകന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, ജസ്‌പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
സാധ്യതാ ടീം: നെതര്‍ലന്‍ഡ്‌സ്- മിച്ചല്‍ ലെവിറ്റ്, മാക്‌സ് ഓ ദൗദ്, ബാസ് ഡി ലീഡ്, കോളിന്‍ ഓകര്‍മാന്‍, സ്‌കോട്ട് എഡ്വേഡ്‌ഡ് (നായകന്‍), സാച് ലയണ്‍ കാഷെറ്റ്, ലോഗാന്‍ വാന്‍ ബീക്, ആര്യന്‍ ദത്ത്, റീലോഫ് വാന്‍ ഡര്‍ മെര്‍വ്, കെയ്‌ല്‍ ക്ലീനിന്‍, ഫ്രെഡ് ക്ലാസന്‍/പോള്‍ വാന്‍ മീകാരന്‍.




