ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്‌റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. 12 സ്‌ഥാനങ്ങള്‍ കയറിയ സിറാജ് 15-ാം റാങ്കിലെത്തി. ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനമാണ് താരത്തിന് നേട്ടമായത്.
സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്‌റ്റ് റാങ്കിങ് ആണിത്. താരം 16-ാം സ്‌ഥാനത്തുവരെയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഈ നേട്ടം. ടെസ്‌റ്റ് ബൗളര്‍മാരില്‍ ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ തന്നെയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ രണ്ടാമതും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കുമ്മിന്‍സ് മൂന്നാമതുമാണ്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്‌റ്റിന്റെ അഞ്ചാം ദിവസം സിറാജ് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്‌സിലെ അഞ്ചു വിക്കറ്റ് നേട്ടമടക്കം ഒന്‍പത് പേരെ പുറത്താക്കിയ സിറാജാണു മത്സരത്തിലെ താരം. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയിലും മുമ്പന്‍ സിറാജ് തന്നെ. പരമ്പരയിലെ അഞ്ചു ടെസ്‌റ്റിലും കളിച്ച ഏക പേസര്‍ കൂടിയാണ്.
ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായി. അഞ്ചു മത്സരങ്ങളിലുമായി സിറാജ് എറിഞ്ഞത് 185.3 ഓവറുകള്‍. പരമ്പരയോടെ സിറാജിന് 674 റേറ്റിങ് പോയിന്റായി.
പേസര്‍ പ്രസിദ്ധ കൃഷ്‌ണയും ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. 368 റേറ്റിങ് പോയിന്റ് നേടിയ പ്രസിദ്ധ കൃഷ്‌ണ 25 സ്‌ഥാനങ്ങള്‍ കയറി 59 ലെത്തി. പ്രസിദ്ധ കൃഷ്‌ണയുടെ ഏറ്റവും മികച്ച ടെസ്‌റ്റ് റാങ്കിങാണിത്. ഇംഗ്ലണ്ടിന്റെ പേസര്‍മാരായ ഗസ് ആറ്റ്‌കിന്‍സണ്‍, ജോഷ് ടങ് എന്നിവരും മുന്നേറി.
ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യ അഞ്ചിലെത്തി. ഓവല്‍ ടെസ്‌റ്റില്‍ 118 റണ്ണുമായി തിളങ്ങാന്‍ ജയ്‌സ്വാളിനായി. സീരസില്‍ ആകെ രണ്ട് സെഞ്ചുറികളടിക്കാന്‍ താരത്തിനായി. പരമ്പരയിലാകെ 41.10 ശരാശരിയില്‍ 411 റണ്ണെടുക്കാനായി. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്‌ഥാനത്തും ഹാരി ബ്രൂക് രണ്ടാം സ്‌ഥാനത്തും തുടര്‍ന്നു. ന്യൂസിലന്‍ഡിന്റെ കെയ്‌ന്‍ വില്യംസണ്‍ ഓസ്‌ട്രേലിയയുടെ സ്‌റ്റീവ് സ്‌മിത്ത് എന്നിവരാണു മൂന്നും നാലും സ്‌ഥാനങ്ങളില്‍.




