ന്യൂയോര്‍ക്ക്: പകരത്തീരുവ നടപടികളുടെ കാര്യത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മുട്ടുകുത്തിച്ച യു.എസ്. സുപ്രീം കോടതി വിധിക്കു പിന്നിലെ ശ്രദ്ധാകേന്ദ്രം ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ നീല്‍ കട്യാല്‍. ട്രംപ് ചുമത്തിയ തീരുവകളുടെ നിയമവിരുദ്ധത യു.എസ്. പരമോന്നതകോടതിയെ ബോധ്യപ്പെടുത്തിയതു നീലിന്റെ വാദങ്ങളാണ്.
ഇന്ത്യയില്‍നിന്നു യു.എസില്‍ കുടിയേറിയവരാണ് നീലിന്റെ മാതാപിതാക്കള്‍. ബരാക് ഒബാമ യു.എസ്. പ്രസിഡന്റായിരിക്കേ ആക്‌ടിങ് സോളിസിറ്റര്‍ ജനറലായിരുന്നു നീല്‍. തീരുവ കേസില്‍ ചെറുകിട ബിസിനസുകാര്‍ക്കു വേണ്ടിയാണ് അദ്ദേഹം സുപ്രീം കോടതിയില്‍ ഹാജരായത്. ‘വിജയം’ എന്നു മാത്രമായിരുന്നു യു.എസ്. സുപ്രീം കോടതി വിധിക്കു പിന്നാലെ ‘എക്‌സി’ല്‍ നീലിന്റെ ആദ്യപ്രതികരണം. കുടിയേറ്റക്കാരുടെ മകനായ തനിക്കും അമേരിക്കയിലെ ചെറുകിടസംരംഭകര്‍ക്കു വേണ്ടി കോടതിയെ സമീപിക്കാമെന്നതാണ് അമേരിക്കന്‍ സംവിധാനത്തിന്റെ ഏറ്റവും വലിയ മഹത്വമെന്ന് നീല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പ്രസിഡന്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നു കോടതിയില്‍ വാദിക്കാന്‍ കഴിഞ്ഞു. നിശിതമായ ചോദ്യങ്ങള്‍ക്കൊടുവില്‍ ജഡ്‌ജിമാരില്‍ ഭൂരിഭാഗം തന്റെ വാദങ്ങള്‍ ശരിവച്ചു. സ്വയം തിരുത്തുന്ന സംവിധാനമാണ് അമേരിക്കയുടേത്. നിങ്ങള്‍ ലോകത്തെ ഏറ്റവും ശക്‌തനായിരിക്കാം, എന്നാല്‍ നിങ്ങള്‍ക്കു ഭരണഘടനയെ മറികടക്കാനാവില്ലെന്നു പറയാന്‍ അത് നമുക്ക് അനുവാദം നല്‍കുന്നു- നീല്‍ ചൂണ്ടിക്കാട്ടി.
ഷിക്കാഗോയില്‍ 1970-ലാണ് നീലിന്റെ ജനനം. ഇന്ത്യയില്‍നിന്നു യു.എസില്‍ കുടിയേറിയവരാണ് മാതാപിതാക്കള്‍. പിതാവ് എന്‍ജിനീയറും മാതാവ് ശിശുരോഗവിദഗ്‌ധയുമായിരുന്നു. പ്രസിഡന്റുമാര്‍ ശക്‌തരായിരിക്കാം, എന്നാല്‍ യു.എസ്. ഭരണഘടന അതിനേക്കാള്‍ ശക്‌തമാണെന്നു വിധിക്കു പിന്നാലെ നീല്‍ പറഞ്ഞു. അധികാരവികേന്ദ്രീകരണം സംബന്ധിച്ച വിധിയാണിത്, ഏതെങ്കിലും ഒരു പ്രസിഡന്റിന് എതിരേയുള്ളതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എസ്. സുപ്രീം കോടതിയില്‍ 54 കേസുകളില്‍ ഹാജരായിട്ടുള്ള നീല്‍ ജോര്‍ജ്‌ടൗണ്‍ സര്‍വകലാശാലയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി നിയമ പ്രഫസറും ഹാര്‍വാഡ്, യേല്‍ ലോ സ്‌കൂളുകളില്‍ വിസിറ്റിങ് പ്രഫസറുമാണ്. യേല്‍ ലോ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. നീതിന്യായവകുപ്പില്‍ നിരവധി ഉന്നത തസ്‌തികകള്‍ വഹിച്ചിട്ടുണ്ട്.
യു.എസ്. നീതിന്യായവകുപ്പിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ എഡ്‌മണ്ട് റാന്‍ഡോള്‍ഫ് പുരസ്‌കാരം 2011-ല്‍ നേടി. 2011-ലും 2014-ലും ഫെഡറല്‍ അപ്പലേറ്റ് റൂള്‍സ് ഉപദേശകസമിയില്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് നിയമിച്ചു. സ്വതന്ത്ര്യത്തിന്റെ ഈ നാട്ടിലേക്കു വന്ന തന്റെ പിതാവിനെയാണ് ചരിത്രവിധിയുടെ പശ്‌ചാത്തലത്തില്‍ നന്ദിപൂര്‍വം ആദ്യം സ്‌മരിക്കുന്നതെന്നു നീല്‍ പറഞ്ഞു.




