മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ നിലനിര്‍ത്തി.
ഫോം മങ്ങിയ ഉപനായകന്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷനെ ടീമിലെടുത്തതുമാണു പ്രധാന മാറ്റം. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ഇഷാന് ടീമിലേക്കുള്ള വഴി തുറന്നത്. ടീം കോമ്പിനേഷന്‍ കൂടി പരിഗണിച്ചാണ് വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയ്ക്ക് പകരം ഇഷാനെ ടീമിലെടുത്തതെന്നു സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ലോകകപ്പില്‍ വിക്കറ്റ് കീപ്പറായിരുന്ന ഋഷഭ് പന്ത്, ധ്രുവ് ജുറല്‍ എന്നിവരെ പിന്തള്ളിയാണ് ഇഷാന് കിഷന്റെ പ്രവേശനം. ഝാര്‍ഖണ്ഡിന് സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് കിരീടം നേടിക്കൊടുത്തതും ഇഷാന് തുണയായി. ഫൈനലില്‍ ഇഷാന് തകര്‍പ്പന്‍ സെഞ്ചുറിയടിച്ചിരുന്നു.
ഗില്ലിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ലോകകപ്പിലെ ഉപനായകന്‍. ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണു പ്രധാന പേസര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവുമാണു സ്പിന്നര്‍മാര്‍. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ടീമിലുണ്ട്.
മധ്യനിരയില്‍ നായകന് സൂര്യകുമാര്‍ യാദവിനെ കൂടാതെ തിലക് വര്‍മയും റിങ്കു സിങ്ങുമാണ്. അഗാര്‍ക്കറിന്റെ തെരഞ്ഞെടുപ്പ് പ്രകാരം സഞ്ജുവും അഭിഷേക് ശര്‍മയുമായിരിക്കും ഓപ്പണര്‍മാര്‍. ഇതേ 15 അംഗ ടീം ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലും കളിക്കും. സഞ്ജുവിനു പകരം ടോപ് ഓഡറിലെത്തിയ ഗില്‍ കഴിഞ്ഞ 15 ഇന്നിങ്സുകളിലായി അര്‍ധ സെഞ്ചുറി കടന്നില്ല. 137.26 സ്ട്രൈക്ക് റേറ്റില്‍ 291 റണ്ണാണെടുത്തത്. കാലിനു പരുക്കേറ്റതോടെ ഗില്ലിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ കളിക്കാനായില്ല. പകരം കളിച്ച സഞ്ജു 22 പന്തില്‍ 37 റണ്ണെടുത്ത് ഇന്ത്യക്ക് മികച്ച തുടക്കം നല്കി. നായകന് സുര്യകുമാര്‍ യാദവിന്റെ ഫോമും ആശങ്കയാണ്. ഒരു വര്‍ഷത്തിനിടെ സൂര്യക്ക് അര്‍ധ സെഞ്ചുറിയടിക്കാനായില്ല. ഗില്ലിന്റെ ഫോമല്ല, ടീമിന്റെ സന്തുലനാവസ്ഥയാണു പ്രധാന കാരണമെന്ന് അഗാര്ക്കറിനൊപ്പമുണ്ടായിരുന്ന സൂര്യകുമാര്‍ പറഞ്ഞു. മുന്‍നിരയില്‍ റിങ്കു സിങ്ങിനെപ്പോലൊരു ബാറ്ററും പിന്‍നിരയില്‍ വാഷിങ്ടണ്‍ സുന്ദറിനെപ്പോലുള്ള ബാറ്ററെയും ടീമിന് ആവശ്യമാണെന്ന് സൂര്യകുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (നായകന്), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന് കിഷന്.




