ഇന്ത്യാ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ സാധാരണ രീതിയിലാകവെ, ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ന്ന് പാക് മുന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹീദ് അഫ്രീദി. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നാണ് ഷാഹിദ് അഫ്രീദി പറഞ്ഞത്.
കറാച്ചിയില്‍ നടന്ന പാക് വിജയറാലിയില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഈ റാലിയിലാണ് അഫ്രീദി വീണ്ടും ഇന്ത്യാവിരുദ്ധ പരാമർശങ്ങളുമായി വിവാദത്തിലായത്.
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രകോപനപരമായ നടപടികളാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. തിരിച്ചടി നൽകിയ പാക്കിസ്ഥാൻ സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
‘‘പാക്കിസ്ഥാന്റെ പ്രതിരോധം തകർക്കാനാകാത്തതാണ്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മോദി ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി, ആരാധനാലയങ്ങളെയും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളാണ്. പക്ഷേ, ഇങ്ങോട്ട് ആക്രമിച്ചാൽ ഞങ്ങൾ നിശബ്ദരായിരിക്കുമെന്ന് കരുതരുത്’ – അഫ്രീദി പറഞ്ഞു.
ഇന്ത്യയുടെ ആരോപണം 50 ശതമാനം ബോളിവുഡും 50 ശതമാനം കാർട്ടൂൺ നെറ്റ്‌വർക്കും ചേർന്നതാണെന്നും അഫ്രീദി പരിഹസിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ പാക്കിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന വാദവുമായി അഫ്രീദിയുടെ മുൻപും രംഗത്തെത്തിയിരുന്നു. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യന്‍ സൈനികന്‍ പോലും വന്നില്ല. സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്ഥാനുമേല്‍ ചുമത്തുകയാണ് ഇന്ത്യയെന്നുമായിരുന്നു അഫ്രീദി യുടെ ആരോപണം.