Sports

രോഹിത്തും ബുംറെയുമല്ല; 2023 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകം ഈ താരത്തിന്റെ പ്രകടനം

പല്ലേക്കല്ലേ: ഏഷ്യാക്കപ്പിന് തൊട്ടുപിന്നാലെ ലോകകപ്പ് കൂടി വരുന്നതോടെ ഇന്ത്യന്‍ ആരാധകരുടെ മുഴുവന്‍ കണ്ണുകള്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയിലാണ്. ഞായറാഴ്ച ചിരവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ഔട്ടിംഗ് മുതല്‍ അടുത്ത രണ്ടര മാസത്തേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വളരെയധികം ആശ്രയിക്കാന്‍ പോകുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ.

രോഹിതിന്റെ ഡപ്യൂട്ടി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ചയും കൂടി കണക്കിലെടുത്താല്‍ ക്യാപ്റ്റന്റെ അഭാവത്തില്‍ മൂന്ന് തവണ ഇന്ത്യയെ നയിച്ച ഹാര്‍ദിക് തീര്‍ച്ചയായും ഇന്ത്യയുടെ 2023 ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളില്‍ ഒന്നായിരിക്കും.

ബാറ്റ്‌സ്മാന്‍ എന്നതിനേക്കാള്‍ ബൗളര്‍ എന്ന നിലയിലായിരിക്കും ഹര്‍ദിക് ഇന്ത്യയ്ക്ക് കൂടുതല്‍ പ്രയോജനപ്പെടുക. കഴിഞ്ഞ 18 മാസത്തിനിടെ കളിച്ച 16 മത്സരങ്ങളില്‍ ഒരെണ്ണം ഒഴികെ എല്ലാ ഇന്നിംഗ്സിലും അദ്ദേഹം പന്തെറിഞ്ഞിരുന്നു. 140 കി.മീ. റേഞ്ചില്‍ പന്തെറിയുന്ന അദ്ദേഹത്തിന്റ ബൗളിംഗ് മികച്ച നിലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നതായിട്ടാണ് നിരീക്ഷകര്‍ പോലും വിലയിരുത്തുന്നത്.

2021 നവംബറില്‍ പരിക്ക് വിടാതെ പിടികൂടുമ്പോള്‍ താല്‍ക്കാലികമായി പന്തെറിയുന്ന ബാറ്റര്‍ എന്ന നിലയിലായിരുന്നു ഹര്‍ദിക്. തുടര്‍ച്ചയായി ഉണ്ടായ പരിക്ക് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമോ എന്ന് പോലും ആരാധകര്‍ ഭയപ്പെട്ടു. എന്നാല്‍ കഠിനമായി പരിശീലനം നടത്തിയ അദ്ദേഹം തന്റെ ജീവിതരീതിയിലും മാറ്റി. 2021-ന് ശേഷം, ഹാര്‍ദിക് കളിയുടെ ഗതി നിര്‍ണ്ണയിക്കുന്ന രഹസ്യായുധമായി മാറി. പലപ്പോഴും സാഹചര്യത്തിന് അനുയോജ്യമായി കളിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ബൗളിംഗ് സംഭാവന വേറിട്ടുനിന്നു.

2019 ലോകകപ്പ് മുതല്‍, ഹാര്‍ദിക്കിന്റെ ഏകദിന പുരോഗതി രണ്ട് പകുതികളിലായി വിലയിരുത്തേണ്ടതുണ്ട്. നട്ടെല്ലിന് ഗുരുതരമായ പരിക്കുകള്‍ അദ്ദേഹത്തെ പലപ്പോഴും അലട്ടുന്നതിനാല്‍, അടുത്ത രണ്ട് വര്‍ഷത്തേക്ക് അദ്ദേഹം ഒരു യഥാര്‍ത്ഥ ഓള്‍റൗണ്ടര്‍ ആകുന്നതില്‍ നിന്ന് വളരെ അകലെയായിരുന്നു. ബാറ്റിംഗില്‍ കാര്യമായ കുറവുണ്ടായില്ലെങ്കിലും ആ ഘട്ടത്തില്‍ കളിച്ച ഒമ്പത് ഏകദിനങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് അദ്ദേഹം ബൗള്‍ ചെയ്തത്. എന്നാല്‍ 2021 ന് ശേഷം ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിച്ച് ഹര്‍ദിക് ടീമിന് മുതല്‍ക്കൂട്ടാകുകയാണ്.