തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിലും ജയിച്ച് ഇന്ത്യന്‍ വനിതകള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ രണ്ട് വിക്കറ്റിന് 221 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ശ്രീലങ്കയ്‌ക്ക് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അതോടെ ഇന്ത്യ 30 റണ്ണിന്റെ ജയമറിഞ്ഞു.
അഞ്ച് ട്വന്റി20 കളുടെ പരമ്പരയിലെ അവസാന മത്സരം 30 നു നടക്കും. വനിതകളുടെ ട്വന്റി20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2024 ല്‍ നവി മുംബൈയില്‍ വെസ്‌റ്റിന്‍ഡീസിനെതിരേ കുറിച്ച നാലിന് 217 റണ്ണിന്റെ റെക്കോഡാണു പഴങ്കഥയായത്. നാലാം തവണയാണ് വനിതകള്‍ ട്വന്റി20 യില്‍ 200 കടക്കുന്നത്. ടോസ് നേടിയ ലങ്കന്‍ നായിക ചാമരി അട്ടപ്പാട്ടു ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മികവിലേക്കുയര്‍ന്ന സ്‌റ്റാര്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന (48 പന്തില്‍ മൂന്ന് സിക്‌സറും 11 ഫോറുമടക്കം 80), ഷഫാലി വര്‍മ (46 പന്തില്‍ ഒരു സിക്‌സറും 12 ഫോറുമടക്കം 79) എന്നിവരാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ചാ ഘോഷ് (16 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 40), നായിക ഹര്‍മന്‍പ്രീത് കൗര്‍ (10 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 16) എന്നിവരും കിട്ടിയ അവസരം മുതലാക്കി. പതിവ് തെറ്റിക്കാതെ ഷഫാലി വര്‍മ്മ തുടങ്ങി വെച്ചത് സ്‌മൃതി ഏറ്റെടുത്തു, പിന്നെ റിച്ചയുടെയും ഹര്‍മ്മന്‍ പ്രീത് കൗറിന്റെയും ഊഴം. ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ നാലു മൂലകളിലേക്കും ഇന്ത്യന്‍ പെണ്‍പുലികള്‍ പന്ത് പായിച്ചതോടെ സിംഹള വീര്യം ഒലിച്ചു പോയി. ലങ്കന്‍ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാലു ഭാഗങ്ങളിലേക്ക് അടിച്ചു പറത്തി ഷഫലി തുടങ്ങിവച്ചു. സ്‌മൃതി മന്ദാന കൂടി ഏറ്റെടുത്തതോടെ അതിവേഗം റണ്‍നിരക്ക് ഉയര്‍ന്നു. പത്തു റണ്‍ ശരാശരിയില്‍ താതെ റണ്‍ അടിച്ചു കുട്ടിയ ഇരുവരും മിന്നി.
32 പന്തില്‍ 50 കടന്ന കൂട്ടുകെട്ട് 65 പന്തില്‍ നൂറിലുമെത്തി. ഷഫാലി 30 പന്തിലും 35 സ്‌മൃതി 35 പന്തിലും 50 കടന്നു. 16-ാം ഓവറില്‍ ഷഫാലിയെ സ്വന്തം ബൗളിങ്ങില്‍ പിടികൂടി നിമാഷ മീപാഗെ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറില്‍ സ്‌മൃതിയും മടങ്ങി. മാല്‍ഷ ഷിഹാനിയുടെ പന്തില്‍ ഇമേഷ ദുലാനി പിടിച്ചാണു സ്‌മൃതി പുറത്തായത്. ഇന്ത്യയുടെ ഓപ്പണിങ് സഖ്യം റെക്കോര്‍ഡ് പ്രകടനമാണ് കാഴ്‌ചവെച്ചത്. ഒന്നാം വിക്കറ്റില്‍ സ്‌മൃതിയും ഷെഫാലിയും ചേര്‍ന്ന് 162 റണ്‍ കൂട്ടിച്ചേര്‍ത്തു. വനിതാ ട്വന്റി20യില്‍ ഏതൊരു വിക്കറ്റിലും ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. റിച്ചയും ആക്രമിച്ചു കളിച്ചത്തോടെ അതിവേഗം ഇന്ത്യ 200 പിന്നിട്ടു. ഹര്‍മ്മന്‍ പ്രീതിനെ കാഴ്‌ച്ചക്കാരിയാക്കി റിച്ച അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്തു. ലങ്കയ്‌ക്ക് മിന്നും തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ഹസിനി പെരേരയും (20 പന്തില്‍ 33) നായിക ചാമരി അട്ടപ്പാട്ടുവും (37 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 52) ചേര്‍ന്ന് മൂന്നു ഓവറില്‍ 50 കടന്നു. ഹസിനിയെ അരുന്ധതി റെഡ്‌ഡി ഹര്‍മന്‍പ്രീത് കൗറിന്റെ കൈയിലെത്തിച്ചു. വൈഷ്‌ണവി ശര്‍മ ചാമരിയെ സ്‌മൃതിയുടെ കൈയിലുമെത്തിച്ചു. ഇമേഷ ദുലാനി (28 പന്തില്‍ 29), ഹര്‍ഷിത സമരവിക്രമെ (13 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 20), നിലാക്ഷിക സില്‍വ (11 പന്തില്‍ പുറത്താകാതെ 23) എന്നിവര്‍ക്കു ടീമിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇന്ത്യക്കായി അരുന്ധതി റെഡ്‌ഡിയും വൈഷ്‌ണവി ശര്‍മയും രണ്ട് വിക്കറ്റ് വീതമെടുത്തു. ശ്രീചരണി ഒരു വിക്കറ്റുമെടുത്തു. സ്‌മൃതി മന്ദാനയാണു മത്സരത്തിലെ താരം.




