Sports

സഞ്ജു… പ്ലീസ് ഈ അവസരം മുതലാക്കണം ; ടി20 ലോകകപ്പ് വരുന്നു

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം. ലോകകപ്പിനു ശേഷം ഇന്ത്യ പോകുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ സഞ്ജുവും ഇടം പിടിച്ചു. മൂന്ന് ടി 20 മത്സരങ്ങളും തുടര്‍ന്ന് മൂന്ന് ഏകദിനങ്ങളും രണ്ടുകളുമാണ് ഇന്ത്യ കളിക്കുക. ഈ അവസരം മുതലാക്കാനായാല്‍ താരത്തിന് ടി20 ലോകകപ്പ് ടീമിലേക്കും നോക്കാനാകും.

ഈ വര്‍ഷം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. പിന്നീട് അയര്‍ലന്‍ഡില്‍ നടന്ന ടി20യിലും കളിച്ചു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ഒടുവില്‍ ലോകകപ്പ് ടീമില്‍ ഇടം നേടാനായിരുന്നില്ല. 2021 ജൂലൈയില്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച 29 കാരനായ താരം ഈ ഫോര്‍മാറ്റില്‍ 13 മത്സരങ്ങള്‍ കളിച്ചു, 55.71 ശരാശരിയിലും 104.00 സ്‌ട്രൈക്ക് റേറ്റിലും 390 റണ്‍സ് നേടി.

ലോകകപ്പ് ടീമില്‍ ഇടം കിട്ടാതെ പുറത്തായതിന് പിന്നാലെ തന്നെ ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്റര്‍ എന്ന വിശേഷണത്തോട് താരത്തിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. ”അയ്യോ, പാവം സഞ്ജു! ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്റ് താരം. എന്നൊക്കെ തന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍ അത് കേള്‍ക്കമ്പോള്‍ എന്തൊരു വിഡ്ഡിത്തമാണ് ഇതെന്ന് എനിക്ക് തോന്നും. ഞാനെങ്ങനെയാണ് ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്റ് താരമാകുന്നത്? ഞാന്‍ എനിക്ക് കഴിയുമെന്ന് കരുതിയതിനേക്കാള്‍ ഉയര്‍ന്ന തലത്തിലാണ് എത്തിയിരിക്കുന്നത്.” ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന പോഡ്കാസ്റ്റില്‍ താരം പറഞ്ഞു.

പരിക്കില്‍ നിന്ന് മോചിതനായ രജത് പാട്ടീദാറും ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം ടി20 നായകന്‍ സൂര്യ കുമാര്‍ യാദവിന് ഇന്ത്യന്‍ ഏകദിന ടീമില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി 20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ വിരാട് കോഹ്ലിക്ക് ഇന്ത്യന്‍ ടി 20, ഏകദിന ടീമുകളില്‍ നിന്ന് ഇടവേള നല്‍കിയിട്ടുണ്ട്.