അഹമ്മദാബാദ്: ക്വിന്റൻ ഡികോക്കും ഡേവിഡ് മില്ലറും എയ്ഡൻ മാർക്രവും നയിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഉറച്ച ബാറ്റിങ് നിരയ്ക്കെതിരെ ഇന്ത്യ കരുതിയ വരുണാസ്ത്രം ബാറ്റർമാരെ ക്രീസിൽ കറക്കിവീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ബോളിങ് മികവിൽ ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് ഇന്ത്യ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 231 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന് 201 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
അഞ്ച് ട്വന്റി20 കളുടെ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (35 പന്തില്‍ മൂന്ന് സിക്‌സറും ഒന്‍പത് ഫോറുമടക്കം 65), ഡെവാള്‍ഡ് ബ്രെവിസ് (17 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 31) എന്നിവരുടെ പോരാട്ടം മത്സരത്തെ ആവേശകരമാക്കി. നാല് വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ താളം തെറ്റിച്ചത്.
റീസ ഹെന്‍ഡ്രിക്‌സ് (13), നായകന്‍ അയ്ദീന്‍ മാര്‍ക്രം (ആറ്), ഡോണോവന്‍ ഫെരേര (0), ജോര്‍ജ് ലിന്‍ഡ് (16) എന്നിവരെയാണു വരുണ്‍ പുറത്താക്കിയത്. ഡി കോക്കിനെ ജസ്പ്രീത് ബുംറ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ അയ്ദീന്‍ മാര്‍ക്രം ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
തിലക് വര്‍മ (42 പന്തില്‍ ഒരു സിക്‌സറും 10 ഫോറുമടക്കം 73), ഹാര്‍ദിക് പാണ്ഡ്യ (25 പന്തില്‍ അഞ്ച് സിക്‌സറും അഞ്ച് ഫോറുമടക്കം 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ (22 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 37), അഭിഷേക് ശര്‍മ (21 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 34) എന്നിവരുടെ വെടിക്കെട്ടുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 16 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി തികച്ച പാണ്ഡ്യ ട്വന്റി20 യില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറി തികച്ച രണ്ടാമത്തെ താരവുമായി.
അഞ്ചാമനായി ഇറങ്ങിയ താരം നേരിട്ട ആദ്യ പന്ത് തന്നെ സിക്സറടിച്ചു. പിന്നാലെ തലങ്ങും വിലങ്ങും ബൗളര്‍മാരെ പ്രഹരിച്ചു. ജോര്‍ജ് ലിന്‍ഡെ എറിഞ്ഞ 14-ാം ഓവറില്‍ രണ്ട് വീതം ഫോറും സിക്സറുമടക്കം 20 റണ്ണാണ് പാണ്ഡ്യ അടിച്ചെടുത്തത്. കോര്‍ബിന്‍ ബോഷ് എറിഞ്ഞ 17-ാം ഓവറില്‍ ഒരു ഫോറും രണ്ട് സിക്സറുമടിച്ച് അര്‍ധ സെഞ്ചുറി തികച്ചു.
12 പന്തില്‍ 50 കടന്ന യുവ്‌രാജ് സിങ്ങാണ് ട്വന്റി20 യില്‍ ഇന്ത്യക്കായി അതിവേഗം അര്‍ധസെഞ്ചുറിയടിച്ച താരം. 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു യുവിയുടെ പ്രകടനം. സഞ്ജുവും അഭിഷേകും ഓപ്പണിങ് വിക്കറ്റില്‍ 63 റണ്ണെടുത്തിരുന്നു. മൂന്നാമനായാണു തിലക് വര്‍മ ക്രീസിലെത്തിയത്. നായകന്‍ സൂര്യകുമാര്‍ യാദവ് (ഏഴ് പന്തില്‍ അഞ്ച്) മോശം ഫോം തുടര്‍ന്നു. കോര്‍ബിന്‍ ബോഷിന്റെ പന്തില്‍ ഡേവിഡ് മില്ലര്‍ പിടിച്ചാണു സൂര്യ മടങ്ങിയത്.




