Crime

അദ്ഭുത മോഷണം! 132 അടി ഉയരമുള്ള മൊബൈൽ ടവർ മുഴുവനായി അഴിച്ചെടുത്തു കള്ളന്മാർ; അന്തംവിട്ട് സോഷ്യൽ മീഡിയ

ബീഹാറിൽ നിന്ന് വീണ്ടുമൊരു വിചിത്രമായ മോഷണവിവരം പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ ബക്സർ ജില്ലയിലെ ദുമ്രാവോണിൽ നിന്ന് 132 അടി ഉയരമുള്ള മൊബൈൽ ടവറാണ് മോഷണം പോയത്. ടെലികോം ടവർ അറ്റകുറ്റപ്പണി നടത്തുന്നതിനായി ജി.ടി.എൽ (GTL) ഇൻഫ്രാസ്ട്രക്ചർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിടെയെത്തിയ ഉദ്യോഗസ്ഥർ ടവർ പൂർണ്ണമായും അപ്രത്യക്ഷമായത് കണ്ട് ഞെട്ടിപ്പോയി. ഇതിനുപുറമെ, അവിടെ സ്ഥാപിച്ചിരുന്ന 15 കെ.വി.എ ജനറേറ്ററും മറ്റ് സാങ്കേതിക ഉപകരണങ്ങളും കാണാതായിട്ടുണ്ട്. ഒരു ജനവാസ മേഖലയിലാണ് ഈ ടവർ സ്ഥിതി ചെയ്തിരുന്നത്. എന്നാൽ ഇത് എപ്പോഴാണ് അല്ലെങ്കിൽ എങ്ങനെയാണ് മാറ്റിയതെന്ന കാര്യത്തിൽ തങ്ങൾക്ക് അറിവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഏകദേശം 10 വർഷം മുൻപാണ് കമ്പനി താനുമായി കരാറുണ്ടാക്കിയതെന്ന് സ്ഥലുടമ ഹരേനാഥ് യാദവ് പറഞ്ഞു. ഈ കരാർ 2022-ൽ അവസാനിച്ചുവെന്നും അതിനുശേഷം ടവർ സ്ഥാപിച്ച ഭൂമിയുടെ വാടക നൽകുന്നത് കമ്പനി നിർത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കമ്പനിക്ക് നാല് തവണ നോട്ടീസ് അയച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും, പിന്നീട് ടവർ കാണാതായ വിവരം താൻ അറിയുകയുമായിരുന്നു എന്നുമാണ് യാദവ് അവകാശപ്പെടുന്നത്. മൊബൈൽ ടവർ ഏകദേശം 15 വർഷം മുൻപ് സ്ഥാപിച്ചതാണെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല എന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.

ഈ വിചിത്രമായ മോഷണം സോഷ്യൽ മീഡിയയെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. “ഇത്രയും വലിയൊരു സാധനം ആരുടേയും ശ്രദ്ധയിൽപ്പെടാതെ എങ്ങനെ അപ്രത്യക്ഷമാകും? വിശ്വസിക്കാൻ കഴിയുന്നില്ല,” എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പ്രതികരിച്ചത്. മുൻപും ബീഹാറിൽ സമാനമായ അസാധാരണ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022-ൽ രോഹ്താസ് ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ കള്ളന്മാർ സോൻ നദിക്ക് കുറുകെയുള്ള 60 അടി നീളവും 500 ടൺ ഭാരവുമുള്ള ഒരു പഴയ റെയിൽവേ ഇരുമ്പ് പാലം അഴിച്ചെടുത്തു കടത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ സമസ്തിപൂർ ജില്ലയിൽ നിന്ന് രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കും സ്ക്രാപ്പ് സാധനങ്ങളും കള്ളന്മാർ മോഷ്ടിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *