Celebrity

മലയാളത്തിൽ വളരെ ത്രില്ലിംഗായ ഒരു സിനിമ വന്നാൽ ചെയ്യാം, അന്യഭാഷകളിൽ അത്യാവശ്യം ജോലിയുണ്ട്… ” തുറന്നു പറഞ്ഞ് ജയറാം


ഒരു കാലത്ത് മലയാള സിനിമയിൽ ജനപ്രിയ നായകനായി തിളങ്ങിയ സൂപ്പര്‍ താരമാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന് ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമുണ്ട്. മിമിക്രി വേദികളിലൂടെ കരിയർ തുടങ്ങിയ താരത്തിന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ് ഏത് കാര്യവും അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ജയറാം. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേനാളുകളായി ജയറാമിന്റെ കരിയര്‍ ഗ്രാഫ് ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജയറാമിന്റെ ഒറ്റ ഹിറ്റ് സിനിമ പോലും മലയാളത്തില്‍ വന്നിട്ടില്ല. തമിഴില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യാനും ജയറാം തയ്യാറാകുന്നുണ്ട്. എന്തുകൊണ്ടാണ് നടന് വേണ്ടത്ര നല്ല അവസരങ്ങള്‍ ലഭിക്കാത്തതെന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടി, മോഹൻലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളോളം ജനപ്രീതിയുള്ള ജയറാമിന് എവിടെ വെച്ചോ കരിയറില്‍ കാലിടറിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സത്യത്തിൽ മലയാളത്തില്‍ ജയറാമിന്റെ ശക്തമായ തിരിച്ച്‌ വരവ് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

ഇപ്പോഴിതാ ജയറാം തന്നെ അതിനെക്കുറിച്ചു തുറന്നു പറയുകയാണ് താരം. “മലയാളത്തിൽ വളരെ ത്രില്ലിംഗ് ആയ ഒരു സിനിമ വന്നാൽ ചെയ്യാം എന്നൊരു കാത്തിരിപ്പിലാണ്. അപ്പോഴാണ് മിഥുൻ മാന്വൽ ഒരു സ്ക്രിപ്റ്റ് പറയുന്നത്. അങ്ങനെ എബ്രഹാം ഓസ്ലറിനു ഓക്കേ പറഞ്ഞു. ഇനിയും അത് തന്നെ. അതിനേക്കാൾ മുകളിൽ ഒരു സിനിമ വരാൻ വേണ്ടി തന്നെയാണ് കാത്തിരിക്കുന്നത്. മറ്റു ഭാഷകളിൽ അത്യാവശ്യം ജോലിയുണ്ട്… തെലുങ്കിൽ ശങ്കർ- രാം ചരൺ മൂവി, ത്രിവിക്രമന്റെ സിനിമ, നാനിക്കൊപ്പമുള്ള സിനിമ. ഇതൊക്കെയാണ് റിലീസ് ചെയ്യാനുള്ളത്…” താരം പറയുന്നു.
അന്യ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാള സിനിമയിൽ വേണ്ടത്ര എക്സ്പ്ലോർ ചെയ്തിട്ടില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

“വന്ന കാലഘട്ടം മുതൽ അത്തരം സിനിമകളാണ് ചെയ്തു തുടങ്ങിയത്. പദ്മരാജൻ സാറിന്റെയും ഭരതേട്ടന്റെയും സിബി മലയിലിന്റെയും സത്യൻ അന്തിക്കാടിന്റെയും കമലിന്റെയും രാജസേനന്റെയുമൊക്കെ സിനിമകൾ അന്നത്തെകാലത്തു തിയേറ്ററുകളിൽ ഏറ്റവുമധികം ഓടിയിരുന്നു. ഫാമിലി ബ്രാൻഡ് സിനിമകളാണ് എല്ലാം. അന്നത്തെ കാലത്തു എനിക്ക് കിട്ടിയതും വിജയം നേടിയതും അത്തരം സിനിമകളാണ്… ” ജയറാം പറയുന്നു.
ഗോസ്റ്റ് മൂവിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രെസ്സ് മീറ്റിലാണ് താരം ഇത് സംസാരിച്ചത്. ഈ സിനിമയിൽ ശിവരാജ് കുമാറിനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് ജയറാം എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ ആണ് ജയറാമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ.