Celebrity Featured

“വിമർശിക്കുന്നവരെ ഞാൻ ഗൗനിക്കുന്നില്ല, മരിക്കുമ്പോഴും എന്റെ മുഖത്ത് മേക്കപ്പ് ഉണ്ടായിരിക്കണം”: വിവാദങ്ങൾക്ക് മറുപടിയുമായി സുധാ ചന്ദ്രൻ

പ്രശസ്ത നടിയും നർത്തകിയുമായ സുധ ചന്ദ്രൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അടുത്തിടെ സ്വന്തം വീട്ടിൽ സംഘടിപ്പിച്ച ‘മാതാ കി ചൗക്കി’ ചടങ്ങിൽ ഭക്തിപൂർവ്വം പങ്കെടുക്കുന്ന താരത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആത്മീയമായ ചടങ്ങിൽ വികാരാധീനയായി കാണപ്പെട്ട സുധയെ പലരും ട്രോളിയപ്പോൾ മറ്റു ചിലർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ താൻ ആർക്കും വിശദീകരണം നൽകേണ്ടതില്ലെന്നും ഭക്തിയാണ് തന്നെ നയിച്ചതെന്നും താരം വ്യക്തമാക്കി.

“അതൊരു സവിശേഷ നിമിഷമാണ്. ആ ചൈതന്യം എന്നിലേയ്ക്ക് പ്രവേശിച്ചതും… എന്നിലൂടെ മറ്റുള്ളവരിലേക്ക് അനുഗ്രഹങ്ങൾ എത്തിയതും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമായാണ് ഞാൻ കാണുന്നത്. അതുകൊണ്ട് തന്നെ ആ വീഡിയോ വൈറലായതിൽ എനിക്ക് വിഷമമില്ല.” എന്ന് സുധ പറയുന്നു.

“എന്റെ ജീവിതത്തോടും വിശ്വാസത്തോടും എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് ആരോടും വിശദീകരിക്കേണ്ട കാര്യമില്ല. എന്നെ പരിഹസിക്കുന്നവരെ ഞാൻ ഗൗനിക്കുന്നില്ല, അവർ അവരുടെ ജീവിതത്തിൽ സന്തോഷമായിരിക്കട്ടെ. എന്നാൽ ഈ വീഡിയോയുമായി ആത്മീയമായി ബന്ധപ്പെടാൻ സാധിച്ച ദശലക്ഷക്കണക്കിന് ആളുകളുണ്ട്, അവർക്കാണ് ഞാൻ പ്രാധാന്യം നൽകുന്നത്.” എന്നും സുധ ടൈംസ് നൗവിനോട് പറഞ്ഞു.

ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ സിനിമാ വ്യവസായത്തിലെ വിവേചനം, അഭിനയത്തോടുള്ള മോഹം, മരണത്തെക്കുറിച്ചുള്ള തന്റെ ആഗ്രഹം എന്നിവയെക്കുറിച്ച് സുധ ചന്ദ്രൻ മനസ്സ് തുറന്നിരിക്കുകയാണ്.

അഭിനയ ജീവിതത്തെക്കുറിച്ച്

സിനിമാ വ്യവസായത്തിൽ നിലനിൽക്കുന്ന വിവേചനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, തനിക്ക് ഒരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. സാധാരണ ധാരണകളിൽ നിന്ന് വ്യത്യസ്തമായി, എല്ലാവരും തന്നെ ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് സ്വീകരിച്ചതെന്ന് അവർ പറഞ്ഞു. കലാരംഗത്ത് ആരും തന്നെ മാറ്റിനിർത്തിയിട്ടില്ലെന്നും, ഇപ്പോഴും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിന് വലിയ നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ചില വേഷങ്ങൾ ചെയ്യാനായില്ലല്ലോ എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്ടിവി സീരിയലുകൾ കാണുമ്പോൾ അതിലെ കരുത്തുറ്റ കഥാപാത്രങ്ങളെല്ലാം തനിക്ക് ചെയ്യണമെന്ന് ആഗ്രഹം തോന്നാറുണ്ടെന്ന് അവർ സമ്മതിച്ചു. അഭിനയത്തോടുള്ള തന്റെ അത്യാഗ്രഹത്തെ പോസിറ്റീവായാണ് താൻ കാണുന്നതെന്നും, ഉള്ളിലെ കലയുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്നും അവർ പറഞ്ഞു. “ഇതൊക്കെ എനിക്ക് ചെയ്യാമായിരുന്നു, എന്തുകൊണ്ട് എനിക്ക് ലഭിച്ചില്ല?” എന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് അവർ പങ്കുവെച്ചു.

ആ അവസാനത്തെ ആഗ്രഹം

അഭിമുഖത്തിൽ എല്ലാവരെയും സ്പർശിച്ചത് മരണത്തെക്കുറിച്ചുള്ള അവരുടെ വാക്കുകളായിരുന്നു. ശ്വാസം നിലയ്ക്കുന്ന ആ അവസാന നിമിഷം വരെ തന്റെ മുഖത്ത് മേക്കപ്പ് ഉണ്ടായിരിക്കണം എന്നതാണ് സുധ ചന്ദ്രന്റെ ഏറ്റവും വലിയ ആഗ്രഹം. എല്ലാവരും ഒരു ദിവസം മരിക്കേണ്ടവരാണെന്നും, എന്നാൽ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ഒരു കലാകാരിയായി, മുഖത്ത് മേക്കപ്പും കാലിൽ ചിലങ്കകളുമായി ഈ ലോകം വിടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. കലയോടുള്ള ആജീവനാന്ത ഭക്തിയെയാണ് ഈ ആഗ്രഹം സൂചിപ്പിക്കുന്നത്.

1965 സെപ്റ്റംബർ 21-ന് തമിഴ്നാട്ടിലായിരുന്നു സുധ ചന്ദ്രന്റെ ജനനം. മുംബൈയിലെ കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും അവർ പൂർത്തിയാക്കി. വെറും 16-ാം വയസ്സിൽ ഉണ്ടായ ഒരു വാഹനാപകടം അവരുടെ ജീവിതം മാറ്റിമറിച്ചു. ഗാംഗ്രീൻ ബാധിച്ചതിനെത്തുടർന്ന് അന്ന് അവരുടെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. എന്നാൽ വൈകല്യങ്ങളെ തോൽപ്പിച്ച് ജയ്പൂർ ഫൂട്ടിന്റെ സഹായത്തോടെ അവർ നൃത്തവേദികളിലേക്ക് തിരികെയെത്തുകയും ലോകം ആദരിക്കുന്ന കലാകാരിയായി മാറുകയും ചെയ്തു.