പാക് പൗരത്വവും പരസ്ത്രീബന്ധവും മറച്ചുവച്ച് മതം മാറ്റി തന്നെ വിവാഹം ചെയ്തെന്ന ഭാര്യയുടെ പരാതിയില്‍ പാകിസ്ഥാന്‍ സ്വദേശി ഹൈദരാബാദില്‍ അറസ്റ്റില്‍. പാകിസ്ഥാനില്‍ നിന്നെത്തി ഹൈദരാബാദിലെ ബഞ്ചറാഹില്‍സില്‍ താമസിക്കുന്ന ഫഹദാണ് പോലീസ് പിടിയിലായത്. ഭാര്യയായ കീര്‍ത്തി എന്ന ദുഹ ഫാത്തിമയുടെ പരാതിയിലാണ് ഫഹദിനെയും ഇയാളുമായി ബന്ധമുള്ള യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തത്.
1998-ലാണ് പാകിസ്താനില്‍നിന്ന് ഹൈദരാബാദിലെത്തി താമസമാക്കിയതെന്ന് ഭാര്യ പറയുന്നു. ഫഹദ് തന്റെ പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ച് വ്യാജ രേഖകൾ ഉപയോഗിച്ച് ജോലി നേടി. ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലെ സിപാൽ എന്ന കമ്പനിയിലാണ് ഫഹദ് ജോലി ചെയ്യുന്നത്. 2016-ലായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് തന്നെ മതംമാറ്റുകയും ദുഹ ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. പാകിസ്ഥാന്‍ സ്വദേശിയാണെന്ന വിവരം ഫഹദ് മറച്ചുവെച്ചു. തന്നോട് വിവരങ്ങളൊന്നും പറയാതെ ഫഹദ് ഇടയ്ക്കിടെ കമ്മീഷണര്‍ ഓഫീസില്‍പോയി പാസ്‌പോര്‍ട്ട് പുതുക്കാറുണ്ടെന്നും യുവതി ആരോപിച്ചു.
ഫഹദിന് അയാളുടെ ജോലിസ്ഥലത്തെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. നിര്‍ബന്ധിച്ച് മതംമാറ്റുകയും കബളിപ്പിച്ച് വിവാഹം കഴിക്കുകയും വിശ്വാസവഞ്ചന കാണിച്ച ഫഹദിനെതിരേ കര്‍ശന നടപടിവേണമെന്നാണ് യുവതിയുടെ ആവശ്യം. ഇതേ രീതിയില്‍ ഫഹദ് വേറെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.




