The Origin Story

മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ പഠിച്ചത്‌ 4 ലക്ഷം വര്‍ഷം മുമ്പ്‌, ഉപയോഗിച്ച കല്ലുകള്‍ കണ്ടെത്തി

ലണ്ടന്‍: മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ പഠിച്ചത്‌ നാലു ലക്ഷം വര്‍ഷം മുമ്പ്‌. മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ തുടങ്ങിയതിന്റെ ഏറ്റവും പഴക്കം ചെന്ന തെളിവ്‌ കിഴക്കന്‍ ഇംഗ്ലണ്ടിലെ ബാര്‍നാം ഗ്രാമത്തില്‍നിന്നു ഗവേഷകര്‍ക്കു ലഭിച്ചു. 50,000 വര്‍ഷം മുമ്പാണു മനുഷ്യന്‍ തീ ഉണ്ടാക്കിത്തുടങ്ങിയതെന്നായിരുന്നു നിഗമനം. അതാണു ബ്രിട്ടീഷ്‌ മ്യൂസിയത്തിലെ ഗവേഷകര്‍ തിരുത്തിയത്‌.

തീ ഉണ്ടാക്കാനുള്ള കഴിവ്‌ മനുഷ്യരാശിയുടെ ചരിത്രത്തില്‍ വഴിത്തിരിവായിരുന്നു. അത്‌ തണുപ്പകറ്റാനും, ഭക്ഷണം പാചകം ചെയ്യാനും സഹായിച്ചു. അത്‌ തലച്ചോറിന്റെ വളര്‍ച്ചയ്‌ക്കും കാരണമായി. അതിജീവനത്തിനുവേണ്ടി കഷ്‌ടപ്പെടുന്ന മൃഗങ്ങള്‍ എന്ന അവസ്‌ഥയില്‍നിന്ന്‌ മാറി ചിന്തിക്കാനും കണ്ടുപിടിക്കാനും കഴിവുള്ള വികസിത ജീവിയായി മാറാന്‍ ആ മാറ്റം മനുഷ്യരെ സഹായിച്ചു. ബാര്‍നാമില്‍നിന്നു കരിഞ്ഞ മണ്ണിനോടൊപ്പം, ആദ്യകാല കരിങ്കല്‍ യുഗത്തിലെ തീപ്പെട്ടി പോലെ പ്രവര്‍ത്തിക്കുന്ന ഉപകരണവും കണ്ടെത്തി. ഫ്ലിന്റ്‌ എന്ന പാറക്കല്ല്‌ പൈറൈറ്റ്‌ എന്ന ധാതുവുമായി ഉരസി തീപ്പൊരി ഉണ്ടാക്കുകയായിരുന്നു ആദിമ മനുഷ്യരുടെ രീതി.

ബാര്‍നാമിനോടു ചേര്‍ന്നുള്ള വനത്തില്‍നിന്നാണു തീ ഉണ്ടാക്കാന്‍ ഉപയോഗിച്ച കല്ലുകള്‍ കണ്ടെത്തിയത്‌. തീയുടെ സഹായത്താല്‍ താപനില 700 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയര്‍ന്നതായുള്ള സൂചനയും മണ്ണില്‍നിന്നു ലഭിച്ചു. ഈസ്‌റ്റ്‌ ഫാം ബാര്‍നാം എന്ന പാലിയോലിത്തിക്‌ പ്രദേശം, സഫോക്കിലെ വനപ്രദേശത്തുള്ള ഉപേക്ഷിക്കപ്പെട്ട കളിമണ്‍ ഖനിക്കുള്ളിലാണു സ്‌ഥിതി ചെയ്യുന്നത്‌. ധാരാളം കരിങ്കല്‍ ഉപകരണങ്ങള്‍ ഇവിടെ ഉപേക്ഷിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.

പൈറൈറ്റ്‌ കല്ല്‌ ഫ്ലിന്റ്‌ ആക്‌സ്‌ കൊണ്ട്‌ ഇടിക്കുമ്പോള്‍ തീപ്പൊരി ഉണ്ടാകും. ഉണങ്ങിയ പുല്ലില്‍ വീഴുമ്പോള്‍ തീ പടര്‍ത്താന്‍ അത്‌ മതിയാകും. അതായിരുന്നു ആദ്യത്തെ അറിയപ്പെടുന്ന ‘തീകത്തിക്കല്‍’വിദ്യ. ഭൂമിശാസ്‌ത്രപരമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌ ആ പ്രദേശത്ത്‌ പൈറൈറ്റ്‌ അപൂര്‍വമാണെന്നാണ്‌. പുരാതന മനുഷ്യര്‍ ഈ ധാതുവിനെ തേടി ദൂരെയെത്തിയിരിക്കണം, കാരണം അവര്‍ക്ക്‌ അത്‌ ഏറ്റവും വിലയേറിയതായിരുന്നു.