
റെസ്റ്റോറന്റില്‍ നിയന്ത്രണം വിട്ട ഹ്യൂമനോയ്ഡ് റോബോട്ട് പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുകയും കൈകള്‍ വായുവില്‍ വീശി അക്രമാസക്തമാവുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. സാന്‍ ഹോസെയിലെ ഒരു ഭക്ഷണശാലയിലാണ് ഈ സംഭവം നടന്നത്. റോബോട്ടിന്റെ നിയന്ത്രിയ്ക്കാന്‍ ജീവനക്കാര്‍ക്ക് വളരെയധികം പണിപ്പെടേണ്ടതായി വന്നു.
‘ഐ ആം ഗുഡ്’ (I’m Good) എന്ന് എഴുതിയ ഓറഞ്ച് നിറത്തിലുള്ള ഏപ്രണ്‍ ധരിച്ച റോബോട്ട് കൗണ്ടറിലിരുന്ന പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. റെസ്റ്റോറന്റിലെ ഒരു ജീവനക്കാരി റോബോട്ടിനെ നിയന്ത്രിക്കാനായി അതിനെ മുറുക്കിപ്പിടിക്കുന്നത് കാണാം. ഈ ബഹളത്തിനിടയിലും ചുറ്റുമുള്ളവര്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ആരോ ഉച്ചത്തില്‍ ചിരിക്കുന്നതും കേള്‍ക്കാം.
ഇതൊരു ‘സൂട്ടോപ്പിയ’ (Zootopia) തീമിലുള്ള നൃത്തം ചെയ്യുന്ന റോബോട്ടാണെന്ന് എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് (Grok) വ്യക്തമാക്കുന്നു. സാന്‍ ഹോസെയിലെ ‘ഹൈഡിലാവോ’ (Haidilao) ഹോട്ട്‌പോട്ട് റെസ്റ്റോറന്റില്‍ ഡിസ്‌നി പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു ഇത്. നൃത്തം ചെയ്യുന്നതിനിടയില്‍ സാങ്കേതിക തകരാര്‍ (Glitch) സംഭവിച്ചതോടെ റോബോട്ട് നിയന്ത്രണം വിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ‘വീട്ടില്‍ പോ റോബോട്ടേ, നീ ലക്കില്ലാതെ ഇരിക്കുകയാണ്,’ എന്ന് ഒരാള്‍ കമന്റ് ചെയ്തു. ‘ഇത്തരം റോബോട്ടുകള്‍ക്ക് എന്തുകൊണ്ട് ഒരു എമര്‍ജന്‍സി സ്റ്റോപ്പ് (E-stop) ബട്ടണ്‍ നല്‍കുന്നില്ല?’ എന്ന് മറ്റൊരാള്‍ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, വരും വര്‍ഷങ്ങളില്‍ വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും ഇത്തരം റോബോട്ടുകള്‍ എത്തുമ്പോള്‍ സമാനമായ കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.




