ഒരുകാലത്ത് ആഡംബരത്തിന്റെ ഭാഗമായി കണ്ടിരുന്ന എ,സി ഇന്ന് പല വീടുകളിലും അവശ്യവസ്തുവായി മാറിക്കഴിഞ്ഞു. പതിവായി എസി ഉപയോഗിച്ചാല്‍ കറന്റ് ബില്ല് കണ്ട് സാധാരണക്കാര്‍ ഞെട്ടേണ്ടതായി വരും. ഇതിന് പുറമേ എസി ശരിയായി ഉപയോഗിക്കാത്തതിന്റെ പേരിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അധികം വൈദ്യുതി ബില്ല് ഇല്ലാതെ തന്നെ എസി ഉപയോഗിക്കാം.
എയര്‍ ഫില്‍റ്റര്‍ കൃത്യമായി പരിശോധിച്ച് കൃത്യ സമയത്ത് മാറ്റണം. ബില്‍റ്റ് ഇന്‍ ഫില്‍റ്ററാണെങ്കിലും ഡക്റ്റില്‍ സ്ഥാപിച്ച ഫില്‍റ്ററാണെങ്കിലും 6 മാസത്തിലൊരിക്കല്‍ മാറ്റണം. ഉയര്‍ന്ന നിലവാരമുള്ള ഫില്‍റ്ററുകള്‍ ഉപയോഗിക്കണം. വീട്ടില്‍ വളര്‍ത്തു മൃഗങ്ങളുണ്ടെങ്കിലോ അലര്‍ജി ഉള്ളവരാണെങ്കിലോ 6 മാസത്തിന് മുമ്പ് തന്നെ ഫില്‍റ്ററുകള്‍ മാറ്റുന്നതാണ് നല്ലത്.
മുറിയും ശരീരവും തണുപ്പിക്കാനായി 16-18 ഡിഗ്രിയില്‍ എസി പ്രവര്‍ത്തിക്കുന്നവരുണ്ട്. എന്നാല്‍ അസ്വാഭാവികമായ അധിക തണുപ്പ് അധികനേരം നേരിട്ട് ഏല്‍ക്കുന്നത് ശരീരത്തിന് നല്ലതല്ല. 24 -26 ഡിഗ്രിയില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് വഴി വൈദ്യുതി ബില്ല് അധികമാകാതെ തടയാം. പുതിയതായി വിപണിയിലെത്തുന്ന എസികളില്‍ ഇക്കോ സ്ലീപ്പര്‍ മോഡുകളുണ്ടാകും. രാത്രക്കാലത്ത് ഓട്ടോമാറ്റിക്കായി താപനില നിയന്ത്രിക്കാനുള്ള ഓപ്ഷനാണിത്. ഇത് കൃത്യമായി ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ലാഭിക്കാനായി സാധിക്കും.
അധികമായി ചൂട് ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ എസി പ്രവര്‍ത്തിപ്പിക്കുന്ന സമയത്ത് ഉപയോഗിക്കാതെ ഇരിക്കാനായി ശ്രദ്ധിക്കണം. ഇവയെല്ലാം മുറിയില്‍ അധിക ചൂട് നിലനിര്‍ത്തുന്നതിന് കാരണമാകും.
വീടിനുള്ളിലെ വായുവില്‍ ഈര്‍പ്പത്തിന്റെ അംശം അധികമുണ്ടെങ്കില്‍ എസിക്ക് അധികജോലിഭാരമാണ്. അധിക നേരം എസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഊര്‍ജ ഉപഭോഗവും വര്‍ധിക്കും. അധിക ഈര്‍പ്പമുണ്ടൈങ്കില്‍ എസി ഡ്രൈ മോഡില്‍ പ്രവര്‍ത്തിപ്പിക്കണം. എസി പ്രവര്‍ത്തിപ്പിക്കുന്ന മുറിയുടെ വാതിലുകളും ജനലുകളും നന്നായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എസി പ്രവര്‍ത്തിപ്പിക്കുന്ന മുറിയില്‍ നനഞ്ഞ തുണികള്‍ ഉണക്കാനായി ഇടുന്നത് ഒഴിവാക്കണം.