വിനോദ യാത്ര പോകുമ്പോഴോ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ ഒട്ടും തന്നെ പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കേണ്ടതായി വരാറില്ലേ. എന്നാല്‍ മാറിയ കാലത്ത്, മുറിയില്‍ എവിടെങ്കിലും രഹസ്യ ക്യാമറ ഒളിഞ്ഞിരിപ്പുണ്ടോയെന്ന പേടിയുമുണ്ടാകാം. ഇപ്പോള്‍ ആരെയും കണ്ണുമടച്ച് വിശ്വസിക്കാനാവില്ലലോ.
എന്നാല്‍ രഹസ്യ ക്യാമറയെന്ന ഭീഷണിയെ നേരിടാന്‍ വഴിയുണ്ട്. കുറച്ച് ശ്രദ്ധയും മുറിയില്‍ പരിശോധന നടത്തണമെന്ന തീരുമാനവും മാത്രം മതി. ഈ കാര്യങ്ങള്‍ അറിയാത്താവര്‍ക്കായി കുറച്ച് പ്രാഥമിക വിവരങ്ങള്‍.
ഇക്കാര്യത്തില്‍ നമ്മുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ അത്ര മോശക്കാരനല്ല കേട്ടോ. മനുഷ്യന്റെ കണ്ണുകള്‍ക്ക് കാണാനാവില്ലെങ്കിലും മിക്കവാറും ഒളിക്യാമറകളെല്ലാം ഇന്‍ഫ്രാറെഡ് വെളിച്ചം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. ഇവ പെട്ടെന്ന് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്ക് കണ്ടെത്താനായി സാധിക്കും.
അതിനായി മുറിയിലെ ലൈറ്റുകള്‍ അണയ്ക്കുകയോ മങ്ങിപ്പിക്കുകയോ ചെയ്യുക. പിന്നീട് ഫോണിന്റെ ക്യാമറാ ആപ്പ് തുറക്കുക. ചില ഫോണിന്റെ സെല്‍ഫി ക്യാമറയായിരിക്കും ഇതിന് ഉതകുക. സംശയാസ്പദമായ സ്ഥലങ്ങളിലൂടെ ക്യാമറയിലൂടെ നോക്കുക. സ്പന്ദിക്കുന്ന പ്രകാശബിന്ദുക്കള്‍ ക്യാമറാ സ്‌ക്രീനില്‍ കാണാനായി സാധിക്കുന്നുണ്ടോയെന്ന് നോക്കുക. ഇങ്ങനെ കാണുന്നുണ്ടെങ്കില്‍ അത് ക്യാമറയുടെ സാന്നിധ്യമാകാന്‍ സാധ്യത നിലനിൽക്കുന്നു.
തീര്‍ന്നിട്ടില്ല, ഫോണുകളില്‍ ക്യാമറാ ഡിറ്റെക്ഷന്‍ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാനായി കഴിയും. ഇത് രഹസ്യ ക്യാമറകൾ കണ്ടെത്തുന്നതിന് സഹായിക്കുന്നു. ഫോണിന്റെ സെന്‍സറുകളും ക്യാമറയും ഉപയോഗിച്ചാണ് ഒളിക്യാമറ സന്നിധ്യമുണ്ടോയെന്ന് മനസ്സിലാക്കുക. കാന്തിക മണ്ഡലങ്ങളുണ്ടോയെന്നും ഇന്‍ഫ്രാറെഡ് ലൈറ്റുകളുണ്ടോയെന്നും ഇവ പരിശോധിക്കുന്നുവെന്നാണ് ആപ്പ് ഡവലപ്പർമാരുടെ അവകാശവാദം.
പല ഒളിക്യാമറകളും ഹോട്ടലിലെ വൈ- ഫൈ വഴിയായിരിക്കും സിഗ്നലുകള്‍ പ്രക്ഷേപണം ചെയ്യുന്നത്. ഹോട്ടലിലെ വൈ- ഫൈ നെറ്റ് വര്‍ക്ക് സ്‌കാന്‍ ചെയ്യുക. അണ്‍ നോണ്‍ ഡിവൈസുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുക. അതിനായി ഫോണിന്റെ വൈ ഫൈ സെറ്റിങ്‌സ് തുറന്ന് കണക്ടഡ് ഉപകരണങ്ങളുടെ ലിസ്റ്റ് പരിശോധിക്കുക.
ഇതില്‍ എ പി ക്യാമറ, ക്യാമറ എന്നിങ്ങനെ ലിസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് നോക്കുക. ബ്ലൂടൂത് സിഗ്നലുകള്‍ അയയ്ക്കുന്ന ക്യാമറകളുണ്ടോയെന്നും പരിശോധിക്കുക. സ്മോക്ക് ഡിറ്റക്ടറുകൾ, പവർ ഔട്ട്‌ലെറ്റുകൾ എന്നിവയുൾപ്പെടെ ക്യാമറകൾ മറച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിക്കുക. സംശയം തോന്നുന്ന വിധത്തില്‍ എന്തെങ്കിലും കണ്ടാല്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുക.