മുംബൈ: ഓഡിഷന്റെ പേരിൽ സ്റ്റുഡിയോയിലേയ്ക്ക് വിളിച്ചുവരുത്തിയ 16 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുട്ടികളെ ബന്ദികളാക്കി രോഹിത് ആര്യ എന്നയാൾ കുട്ടികളെ തടവിലാക്കിയിരുന്ന സമയത്ത് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ചില ‘ആളുകളിൽ’ നിന്ന് ചില കാര്യങ്ങളിൽ തനിക്ക് ഉത്തരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
‘എനിക്ക് വളരെ ലളിതമായ ചില ഡിമാൻഡുകളാണുള്ളത്. എനിക്ക് ചില ചോദ്യങ്ങളുണ്ട്. ചിലരോട് എനിക്ക് സംസാരിക്കണം. ഉത്തരങ്ങൾ വേണം.’ തനിക്കു പണമല്ല വേണ്ടതെന്നും താന്‍ തീവ്രവാദിയല്ലെന്നും ഇയാള്‍ വിഡിയോയിൽ പറയുന്നു. പോലീസ് പ്രകോപനമുണ്ടാക്കിയാല്‍ സ്റ്റുഡിയോയ്ക്കു തീയിടുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. തനിക്കെതിരെ എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ കെട്ടിടത്തിന് തീയിടുമെന്നും താൻ മരിച്ചാലും ഇല്ലെങ്കിലും കുട്ടികളെ അത് അനാവശ്യമായി വേദനിപ്പിക്കുമെന്നും അങ്ങനെയുണ്ടായാൽ താൻ ഉത്തരവാദിയല്ലെന്നും രോഹിത് പൊലീസിനെ ഭീഷണിപ്പെടുത്തുന്നുണ്ട്.
അതേസമയം, മഹാരാഷ്ട്ര മുൻ വിദ്യാഭ്യാസ മന്ത്രി ദീപക് കേസർകറുമായി സംസാരിക്കണമെന്നാണ് രോഹിത് ആവശ്യപ്പെട്ടതെന്ന് പൊവായ് പൊലീസ് സീനിയർ ഇൻസ്പെക്ടർ ജീവൻ സോനാവാനെ പറഞ്ഞു. രോഹിത്തിന് വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട് എന്തോ പ്രശ്നങ്ങളുണ്ടായിരുന്നെന്നും സോനാവാനെ കൂട്ടിച്ചേർത്തു.
ഇതിനിടെ ആര്യ പുറത്തുവിട്ട വീഡിയോയിൽ, സർക്കാർ തനിക്ക് രണ്ട് കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു . എന്നാൽ വിദ്യാഭ്യാസ വകുപ്പ് പറയുന്നത് സ്കൂളുകളിലെ ശുചിത്വ പരിപാടിയായ സ്വച്ഛതാ മോണിറ്റർ 2024-25 ൽ പങ്കെടുക്കുന്നതിന് വിവിധ സ്കൂളുകളിൽ നിന്ന് ആര്യ രജിസ്ട്രേഷൻ ഫീസ് ഈടാക്കിയെന്നും അദ്ദേഹം വകുപ്പിന് സമർപ്പിച്ച ബജറ്റ് അവ്യക്തവും ശരിയായ രേഖകളില്ലാത്തതുമായിരുന്നുവെന്നുമാണ്.
2024 ഓഗസ്റ്റിൽ, സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പിരിച്ച തുക സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കാനും തുടർന്ന് തുടർനടപടികൾക്കായി എല്ലാ വിശദാംശങ്ങളും രേഖകളും അടങ്ങിയ ബജറ്റ് സമർപ്പിക്കാനും ആര്യയോട് ആവശ്യപ്പെട്ടതായി വകുപ്പ് അവകാശപ്പെട്ടു. എന്നാൽ, ആര്യ അങ്ങനെ ചെയ്തില്ല.
മുംബൈയിലെ ആര്.എ. സ്റ്റുഡിയോയില്‍ ഓഡിഷനെത്തിയ കുട്ടികളെയാണ് രോഹിത് ആര്യ തടവിലാക്കിയത്. എട്ടു വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഓഡിഷനെത്തിയിരുന്നത്. രാവിലെ മുതല്‍ കുട്ടികളെ ബന്ദികളാക്കി ഇയാള്‍ വിലപേശല്‍ നടത്തുകയായിരുന്നു. വിവരമറിഞ്ഞ് ഉച്ചയ്ക് ഒന്നരയോടെ പവായ് പോലീസ് സംഘം സ്ഥലത്തെത്തി. ആര്യയുമായി ചര്‍ച്ച നടത്തിയെങ്കിലും കുട്ടികളെ വിട്ടയയ്ക്കാന് ഇയാള്‍ വിസമ്മതിച്ചു.
തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട കമാന്‍ഡോ ഓപ്പറേഷനില്‍ കൂടിയാണ് കുട്ടികളെ മോചിപ്പിച്ചത്. കമാന്‍ഡോകളും ക്വിക് റെസ്പോണ്‍സ് ടീമും സ്റ്റുഡിയോയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ച് ആര്യ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ വെടിയുതിര്‍ത്തു. തുടര്‍ന്ന് പ്രതിയുടെ കാലില്‍ പോലീസ് വെടിവച്ചു. കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പോലീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ‘മൈ സ്കൂള്‍ ബ്യൂട്ടിഫുള്‍ സ്കൂള്‍’ പദ്ധതിയുടെ കീഴില്‍ ആരംഭിച്ച തന്റെ കാമ്പയിനായി വിദ്യാഭ്യാസ വകുപ്പ് രണ്ടു കോടി രൂപ അനുവദിച്ചെങ്കിലും 2024 ജനുവരി മുതല്‍ പണം നല്‍കിയില്ലെന്ന് രോഹിത് ആര്യ ആരോപിച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ഇയാള്‍ കഴിഞ്ഞ വര്‍ഷം രണ്ടു തവണ നിരാഹാരസമരം നടത്തുകയും ചെയ്തിരുന്നു.




