രാവിലെ നിങ്ങൾ ആദ്യം രുചിക്കുന്നത് ഭക്ഷണങ്ങളോ പാനീയങ്ങളോ ആയിരിക്കില്ല, അത് ടൂത്ത്പേസ്റ്റ് ആയിരിക്കും. ദന്തസംരക്ഷണത്തിലെ ഒരു നിർണായക ഘടകമാണ് ടൂത്ത്പേസ്റ്റ്. വായുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം ചേരുവകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ടൂത്ത്പേസ്റ്റിലെ പ്രാഥമിക ചേരുവകളിൽ ഒന്നാണ് ഫ്ലൂറൈഡ്, ഇത് പല്ലിന്റെ ഇനാമൽ ബലപ്പെടുത്താനും ദന്തക്ഷയം തടയാനും സഹായിക്കും.
ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പതിവായി ബ്രഷ് ചെയ്യുന്നത്, പല്ലുകളിൽ ഉണ്ടാകുന്ന ബാക്ടീരിയകളുടെ പാടയായ പ്ലാക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിച്ച് വായ്‌നാറ്റം തടയുന്നു. ചില ടൂത്ത്പേസ്റ്റുകളിൽ, പല്ലിന് തിളക്കം നൽകാനും ഉപരിതലത്തിലുള്ള കറകൾ നീക്കം ചെയ്യാനും സഹായിക്കുന്ന വെളുപ്പിക്കൽ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
അടുത്തിടെ, ടൂത്ത്പേസ്റ്റിലെ ചേരുവകൾ ദീർഘകാല ഉപയോഗത്തിന് സുരക്ഷിതമാണോ എന്ന ചോദ്യമുയർത്തിക്കൊണ്ട് അവ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായിരുന്നു. എന്നാൽ, എത്ര ടൂത്ത്പേസ്റ്റ് ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പലരും ശ്രദ്ധിക്കാറില്ല.
ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു വീഡിയോയിൽ, പീരിയോഡോണ്ടിസ്റ്റ്, ഡെന്റൽ ഇംപ്ലാന്റ് സ്പെഷ്യലിസ്റ്റ് ഡോ. മൈൽസ് മാഡിസൺ, പരസ്യങ്ങളിൽ കാണിക്കുന്ന ടൂത്ത്പേസ്റ്റിന്റെ അളവ് അമിതമാണെന്ന് ഊന്നിപ്പറഞ്ഞു. തുടർന്ന്, പ്രായത്തിനനുസരിച്ച് ഉപയോഗിക്കേണ്ട ശരിയായ അളവിനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം നൽകി.
എത്ര ടൂത്ത്പേസ്റ്റ് ഉപയോഗിക്കണം?
സെന്റർസ് ഫോർ ഡിസീസ് കൺട്രോളിന്റെ ഒരു പഠനം കാണിക്കുന്നത് 40% ആളുകളും അമിതമായ അളവിൽ ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നു എന്നാണ്. ഡോ. മാഡിസൺ വീഡിയോയിൽ പറഞ്ഞു.
വിവിധ പ്രായക്കാർക്കായി ശുപാർശ ചെയ്യുന്ന അളവ് ഇതാ:
3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്:
ഒരു അരിമണി വലുപ്പത്തിലുള്ള അളവോ അല്ലെങ്കിൽ പുരട്ടിയ പാട് മാത്രമോ മതിയാകും. പല്ലുകൾ മുളയ്ക്കുന്നത് മുതൽ മൂന്ന് വയസ്സ് വരെ, അല്ലെങ്കിൽ നിങ്ങളുടെ കുട്ടിക്ക് സ്വന്തമായി തുപ്പാൻ കഴിയുന്നത് വരെ, ഒരു അരിമണിക്ക് തുല്യമായ വലുപ്പത്തിലുള്ളതോ വെറുമൊരു പുരട്ടിയ പാട് മാത്രമോ ഉപയോഗിക്കണം.
3 വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക്:
3 വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾക്കായി, ഒരു പയർമണി വലുപ്പത്തിലുള്ള ടൂത്ത്പേസ്റ്റ് ഉപയോഗിക്കണം.
മുതിര്‍ന്നവര്‍
മുതിർന്നവര്‍ക്കും ടൂത്ത്പേസ്റ്റ് ഉപയോഗം ഒരു പയർമണി വലുപ്പത്തിൽ മാത്രം മതിയാകും.
ടൂത്ത്പേസ്റ്റ് അധികമായാലുള്ള പാർശ്വഫലങ്ങൾ
അമിതമായി ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നത് ഹ്രസ്വകാല, ദീർഘകാല സങ്കീർണ്ണതകളിലേക്ക് നയിച്ചേക്കാം, അവ താഴെപ്പറയുന്നു:
- ഫ്ലൂറൈഡ് കൂടുതലാവുന്നത്: അമിതമായ ഫ്ലൂറൈഡ്, പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ, ഡെന്റൽ ഫ്ലൂറോസിസിന് കാരണമാകും. ഇത് പല്ലുകളിൽ വെളുത്ത പാടുകളോ വരകളോ ഉണ്ടാക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ്.
- ദഹനപ്രശ്നങ്ങൾ: വലിയ അളവിൽ ടൂത്ത്പേസ്റ്റ് വിഴുങ്ങുന്നത് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കുകയും ഓക്കാനം, വയറിളക്കം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
- ഉരസൽ കൂടുന്നത് (Abrasion): ആവശ്യമുള്ളതിലും കൂടുതൽ ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നത് അമിതമായി ബ്രഷ് ചെയ്യുന്നതിന് കാരണമാകും, ഇത് ഇനാമൽ ദ്രവിക്കുന്നതിനും മോണകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനും ഇടയാക്കും.
- പതയും അസ്വസ്ഥതയും: അധികമുള്ള ടൂത്ത്പേസ്റ്റ് അമിതമായ പത ഉണ്ടാക്കുകയും ഫലപ്രദമായി ബ്രഷ് ചെയ്യുന്നത് അസുഖകരമാക്കുകയും ചെയ്യും. ഈ അസ്വസ്ഥത കാരണം മതിയായ ക്ലീനിംഗ് ലഭിക്കാതെ വരാം, പ്രത്യേകിച്ച് വേഗത്തിൽ വായ കഴുകിക്കളയാനുള്ള തോന്നൽ ഉണ്ടാകുമ്പോൾ. ഇത് ഓക്കാനത്തിനും കാരണമായേക്കാം, പ്രത്യേകിച്ച് ഗർഭിണികളിൽ.
അമിത ഉപയോഗം എങ്ങനെ ഒഴിവാക്കാം
കുട്ടികളെ ശ്രദ്ധിക്കുകയും അവർ ശുപാർശ ചെയ്യുന്ന അളവിൽ മാത്രം ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നുണ്ടെന്നും ബ്രഷ് ചെയ്ത ശേഷം അത് തുപ്പിക്കളയുന്നുണ്ടെന്നും ഉറപ്പാക്കുക.
മുതിർന്നവരും ടൂത്ത്പേസ്റ്റ് ഉപയോഗം ഒരു പയർമണി വലുപ്പത്തിൽ മാത്രം പരിമിതപ്പെടുത്തുക.
ടൂത്ത്പേസ്റ്റ്, പ്രത്യേകിച്ച് വലിയ അളവിൽ, വിഴുങ്ങുന്നത് ഒഴിവാക്കുക.
ശുചിത്വം പൊതുവായ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. നല്ല ദന്താരോഗ്യം നിലനിർത്തുന്നത് അത്യാവശ്യമാണ്, ശരിയായ ബ്രഷിംഗ് ശീലങ്ങൾ ദീർഘകാല ദന്താരോഗ്യത്തിന് സംഭാവന നൽകുന്നു. ദന്ത ശുചിത്വത്തിൽ ടൂത്ത്പേസ്റ്റ് ഒരു നിർണായക പങ്ക് വഹിക്കുന്നു, നിങ്ങളുടെ പ്രായത്തിനനുസരിച്ചുള്ള ശരിയായ അളവ് ഉപയോഗിക്കുന്നത് അതിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കും.




