Celebrity

അനന്ത് അംബാനി-രാധിക മര്‍ച്ചന്റ് വിവാഹത്തിലെ പ്രകടനത്തിന് റിഹാനയ്ക്ക് മെഗാ മില്യണ്‍ ഡോളര്‍ പ്രതിഫലം

ലോകം ഉറ്റുനോക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും വ്യവസായി വീരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധികാ മെര്‍ച്ചിന്റേയും പ്രീ വെഡിങ് ആഘോഷങ്ങളിലേക്കാണ്. ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ആഡംബര ചടങ്ങില്‍ ലോകത്തിലെ തന്നെ പല പ്രമുഖരും അതിഥികളായി എത്തും. ആഗോള പോപ്പ് ഐക്കണ്‍ റിഹാന ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.

ചാര്‍ട്ട്-ടോപ്പിംഗ് ഹിറ്റുകള്‍ക്കും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കും പേരുകേട്ട പ്രശസ്ത ഗായികയെ വമ്പന്‍ പ്രതിഫലം നല്‍കിയാണ് ചടങ്ങില്‍ പങ്കെടുപ്പിയ്ക്കാനായി എത്തിയ്ക്കുന്നത്. മാര്‍ച്ച് 1 ന് വൈകുന്നേരത്തോടെ ‘എവര്‍ലാന്‍ഡിലെ ഒരു സായാഹ്നം’ എന്ന പരിപാടിയോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. 89 മില്യണ്‍ ഡോളര്‍ (ഏകദേശം 66 മുതല്‍ 74 കോടി രൂപ) വരെയാണ് റിഹാനയുടെ പ്രകടനത്തിനുള്ള പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഡയമണ്ട്സ്’ പോലുള്ള സോളോ ഹിറ്റുകള്‍ ഉള്‍പ്പെടെയുള്ള റിഹാനയുടെ പ്രശസ്ത ഗാനങ്ങളുടെ ആകര്‍ഷകമായ മെഡ്ലി സെറ്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

റിഹാനയുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം പരിപാടിയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്കും റിഹാനയ്ക്കും കൂടെ പെര്‍ഫോം ചെയ്യുന്ന ഗായകരുടേയും വസ്ത്രങ്ങള്‍ക്കും വേണ്ടി ചിലഴിയ്‌ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിഹാനയുടെ അവസാനത്തെ ശ്രദ്ധേയമായ പ്രകടനം 2023 സൂപ്പര്‍ ബൗള്‍ ഹാഫ്-ടൈം ഷോയിലായിരുന്നു, അത് വളരെയധികം ശ്രദ്ധ നേടി, 121.017 ദശലക്ഷം കാഴ്ചക്കാരെ ആകര്‍ഷിക്കുകയും ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സൂപ്പര്‍ ബൗള്‍ ഇവന്റുകളില്‍ ഒന്നാകുകയും ചെയ്തിരുന്നു.

അംബാനി വിവാഹത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര കലാകാരിയല്ല റിഹാന. 2018 ല്‍, ബിയോണ്‍സ് ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും സംഗീതില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അന്ന് ഏകദേശം 4 മില്യണ്‍ ഡോളര്‍ (ഏകദേശം 33 കോടി രൂപ) ആയിരുന്നു അവര്‍ക്ക് നല്‍കിയ പ്രതിഫലം. അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡിങ് ആഘോഷങ്ങള്‍ മാര്‍ച്ച് 1 മുതല്‍ 3 വരെ ആണ് നടക്കുക. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, രജനീകാന്ത് എന്നിവരുള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ കുടുംബസമേതം ആഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍