മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരമാണ് ബെംഗളൂരു. അതുകൊണ്ടു തന്നെ സ്വകാര്യ ക്യാബുകളും ഒല, ഊബര്‍ തുടങ്ങിയ ക്യാബ് അഗ്രഗേറ്ററുകളും നഗരത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ക്യാബുകള്‍ക്ക് വേണ്ടി എത്രരൂപ ഓരോ മാസവും ചെലവഴിക്കുന്നുണ്ടെന്ന് നിങ്ങള്‍ കണക്കാക്കിയിട്ടുണ്ടോ? അടുത്തിടെ ഒരു യുവതി എക്സില്‍ പങ്കുവെച്ച ഈ വിവരത്തില്‍ അവരുടെ ഒരുമാസത്തെ വീട്ടുവാടകയടെ പകുതി വരുന്നുണ്ടെന്ന് കണ്ടപ്പോള്‍ ഞെട്ടിയിരിക്കുകയാണ്.
ബംഗളൂരുവിലെ വന്‍ഷിത എന്ന ഉപയോക്താവ് തന്റെ ഗതാഗത ചെലവ് ട്രാക്കുചെയ്യാനും കണക്കാക്കാനും ക്രെഡ് ആപ്പിലെ കണക്കുകള്‍ പരിശോധിച്ചു. ജൂലായ് 1 നും 25 നും ഇടയില്‍ 74 യൂബര്‍ യാത്രകള്‍ക്കായി 16,668 രൂപയിലധികം ചെലവഴിച്ചതായിട്ടാണ് കണ്ടെത്തിയത്. വിവരം ഇവര്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ”എന്റെ ഊബര്‍ ചെലവുകള്‍ ബെംഗളൂരുവില്‍ വാടകയായി നല്‍കുന്ന തുകയുടെ പകുതിയിലധികമാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം, ക്രെഡിന്റെ നാളിതുവരെയുള്ള ഏറ്റവും ഉപയോഗപ്രദമായ ഫീച്ചര്‍ ഇതാണ്!” തന്റെ ഇടപാടുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് യുവതി എഴുതി.
ടാക്സി പിടിക്കുന്നതിന്റെ ചാര്‍ജ്ജ് കണ്ട് ഞെട്ടിയ പലരും യുവതിയോട് ഇരുചക്രവാഹനങ്ങള്‍ സ്വന്തമായി വാങ്ങാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ”അതുകൊണ്ടാണ് ഇവിടെ ഞാന്‍ ഒരു ഇരുചക്രവാഹനം വാങ്ങിയത്. വളരെ സൗകര്യപ്രദമാണ്, എവിടെയും പോകുന്നതിനെക്കുറിച്ച് രണ്ടുതവണ ചിന്തിക്കേണ്ടതില്ല. മഴയത്ത് റൈഡ് ക്യാന്‍സലേഷനും ഉയര്‍ന്ന റൈഡ് വിലയും നേരിടേണ്ടതില്ല.” ഒരാള്‍ കുറിച്ചു.
”പ്രതിമാസ ഇഎംഐകള്‍ പോലും ഇതിനേക്കാള്‍ വളരെ കുറവായിരിക്കും.” മറ്റൊരാള്‍ കമന്റിട്ടു. ”ഒരു വശത്തേക്ക് മാത്രം 700 നല്‍കുന്ന ഒരാളെന്ന നിലയില്‍, ഈ ക്രെഡ് നോക്കാന്‍ ഞാന്‍ ഭയപ്പെടുന്നു. എല്ലാ ദിവസവും ഓഫീസിലേക്ക് പോകേണ്ടതില്ല എന്നത് ഭാഗ്യമാണ് ” മൂന്നാമന്‍ എഴുതി, ക്രെഡ് ഫീച്ചര്‍ നല്ലതാണ്, പക്ഷേ എന്റെ ചെലവുകള്‍ പരിശോധിക്കാന്‍ ധൈര്യമില്ലെന്നായിരുന്നു നാലാമന്റെ പ്രതികരണം.