Crime

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്തിന് പരിശീലനം ; യൂട്യൂബറും സംഘവും കടത്തിയത് 267 കിലോ, 167 കോടിയുടെ മുതല്‍

അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിന് സഹായിയായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കൊണ്ടുപോകുവാന്‍ പരിശീലനം നല്‍കിയെന്നും ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള യൂട്യൂബര്‍ അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹബ് എന്ന സുവനീര്‍ ഷോപ്പ് നടത്തുന്ന സാബിര്‍ അലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കൊണ്ടുപോകാന്‍ ഏഴുപേരെ നിയമിക്കുകയും പരിശീലനം നല്‍കുകയും ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. .

കഴിഞ്ഞമാസം അവസാനം പോലീസ് നടത്തിയ ഓപ്പറേഷനിലാണ് 29 കാരനായ അലിയെയും അവന്റെ ഏഴ് ജീവനക്കാരെയും അറസ്റ്റ് ചെയ്തത്.. തന്റെ കാരിയര്‍മാര്‍ക്ക് പ്രതിമാസം 15,000 രൂപ ശമ്പളവും ഓരോ തവണ നടത്തുന്ന സ്വര്‍ണ്ണത്തിനും 5,000 രൂപ അധികമായി നല്‍കുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കാര്‍ട്ടല്‍ നിയന്ത്രിച്ചിരുന്നത് യൂട്യൂബ് ചാനലായ ‘ഷോപ്പിംഗ് ബോയ്‌സ്’ വഴിയായിരുന്നു.

ഓരോ ചരക്കിലും ഏകദേശം 300 ഗ്രാം സ്വര്‍ണ്ണ പേസ്റ്റോ പൊടിയോ സിലിക്കണ്‍ ബോളുകള്‍ക്കുള്ളില്‍ പായ്ക്ക് ചെയ്തായിരുന്നു കടത്തിയിരുന്നത്.. കടത്തുകാര്‍ വിദേശത്ത് നിന്ന് പറക്കുന്ന ‘കാരിയറുകളില്‍’ നിന്ന് ട്രാന്‍സിറ്റ് ലോഞ്ചില്‍ ചരക്ക് സ്വീകരിക്കുകയും സ്വര്‍ണ്ണം മലാശയത്തില്‍ ഒളിപ്പിച്ച് വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയും ചെയ്യും. രണ്ട് മാസത്തിനിടെ 167 കോടി രൂപ വിലമതിക്കുന്ന 267 കിലോഗ്രാം സ്വര്‍ണമാണ് ഇവര്‍ ഈ രീതിയില്‍ കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.

രണ്ട് മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 80 യാത്രകള്‍ നടത്തിയതായി സംഘാംഗങ്ങളില്‍ ഒരാള്‍ സമ്മതിച്ചു. കസ്റ്റംസ് പിടിക്കുന്നത് ഒഴിവാക്കാന്‍ മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിക്കാന്‍ കാരിയര്‍മാര്‍ക്ക് പ്രത്യേക് പരിശീലനം നല്‍കി. ജോലി നല്‍കുന്നതിന് 10 ദിവസം മുമ്പാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിലൂടെ ഒരു മണിക്കൂര്‍ വരെ മലാശയത്തില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നത് അവര്‍ക്ക് എളുപ്പമാകും.

ഒരു പന്തില്‍ തുടങ്ങിയ പുരുഷന്മാര്‍ പിന്നീട് അത് മൂന്നിലേക്ക് വരെ എത്തി. ഏകദേശം 1 കിലോ ഭാരമുള്ളതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ജൂണ്‍ 29-ന് മൂന്ന് ചരക്കുകളുമായി ഒരു പ്രതിയെ പിടികൂടിയതാണ് വഴിത്തിരിവായത്. എക്സ്റേ പരിശോധനയിലൂടെയാണ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.