Sports

ലോകകപ്പ് ടീമിലില്ല, ആരാധകര്‍ക്ക് നിരാശ; സഞ്ജു സാംസണ്‍ സ്വന്തം കുഴി തോണ്ടിയത് ഇങ്ങനെ

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി ആരാധകരും രാജസ്ഥാന്‍ റോയല്‍സ് ആരാധകരും ഭയന്നത് പോലെ തന്നെ സംഭവിച്ചു. സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയില്ല. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ മുന്‍വിധിയെടുത്ത് അനേകം അനേകരാണ് മലയാളി താരത്തിന് വേണ്ടി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒച്ച വെച്ചത്. ടീം സെലക്ഷന്‍ പക്ഷപാതപരവും സ്വജനപക്ഷപാതവുമെല്ലാം ആരോപിക്കപ്പെട്ടു. ആരാധകരോട് അടങ്ങാന്‍ സഞ്ജു തന്നെ ഇറങ്ങി പറഞ്ഞിട്ടും ആരും കേട്ടില്ല.

എന്നാല്‍ ലോകകപ്പ് ടീമിലേക്കുള്ള തന്റെ സ്ഥാനം നഷ്ടമാക്കിയത് സഞ്ജു തന്നെയാണെന്ന് വിശ്വസിക്കുന്നവരാണ് അദ്ദേഹത്തിന്റെ വിമര്‍ശകരില്‍ ഏറിയ കൂറും. കിട്ടിയ അവസരങ്ങള്‍ പാഴാക്കി, സ്ഥാനം ഉറപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതായി അവര്‍ കരുതുന്നു. ഇന്ത്യന്‍ ടീമില്‍ ആരേക്കാളും പിന്നിലല്ലാത്ത മിടുക്കും ശൈലിയും വശമുള്ള സഞ്ജു ആവശ്യമുള്ളപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴയാതെ തന്നെ പുറത്താക്കിയതിന്റെ ക്രൂരമായ വിധി സ്വയം അനുഭവിക്കുകയാണ്.

അവസരം വിനിയോഗിക്കാതെ പോകുന്നത് സഹതാരങ്ങളുടെ നിഴലിലേക്ക് താരത്തെ വീഴ്ത്തുന്നു. അടുത്തിടെ അയര്‍ലന്റില്‍ താരം നടത്തിയ പ്രകടനം തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. 26 പന്തില്‍ 40 റണ്‍സ് അടിച്ച താരം ഒരു ഷോര്‍ട്ട് ബോളില്‍ ആശയക്കുഴപ്പത്തിലായി പുറത്തായി. മറുവശത്ത് സഞ്ജുവിന്റെ അത്ര പ്രതിഭയുള്ള താരമല്ല ഇഷാന്‍ കിഷന്‍. സഞ്ജു പായിക്കുന്ന തരം ഷോട്ടുകളോ സഞ്ജുവിന്റേത് പോലെയുള്ള ടെക്‌നിക്കുകളോ ഇഷാനില്ല. എന്നാല്‍ കിട്ടിയ അവസരം അദ്ദേഹം കൃത്യമായി വിനിയോഗിച്ചു.

കൊളംബോയില്‍ അഞ്ചുദിവസത്തിനിടയിലാണ് സാംസണും ഇഷാനും ഏകദിനത്തില്‍ അരങ്ങേറിയത്. 263 റണ്‍സ് പിന്തുടരുമ്പോള്‍ ഒരു പന്തില്‍ ഒരു റണ്‍സ് എന്ന കണക്കില്‍ സാംസണ്‍ 46 റണ്‍സ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ അടിച്ചത് 42 പന്തില്‍ 59 റണ്‍സായിരുന്നു. സ്ഥിരത എന്ന കാര്യം പരിഗണനയായപ്പോള്‍ സാംസണെക്കാള്‍ വളരെ കുറച്ച് മാസങ്ങളേ അടുത്ത കളിക്ക് ഇഷാന് വേണ്ടി വന്നുള്ളൂ.

പിന്നാലെ വന്ന വെസ്റ്റിന്‍ഡീസ് ടൂറില്‍ 312 ചേസ് ചെയ്യുമ്പോള്‍ ഒരു കളിയില്‍ നേടിയ 51 പന്തിലെ 54 ഉള്‍പ്പെടെ മൂന്ന് ഇന്നിംഗ്‌സില്‍ സാംസണ്‍ നേടിയത് 72 റണ്‍സാണ്. ഈ കളിയില്‍ റണ്ണൗട്ടായി പോകുകയും ചെയ്തു. ആ മത്സരത്തില്‍ പക്ഷേ 35 പന്തില്‍ 64 റണ്‍സ് അടിച്ച് അക്‌സര്‍പട്ടേല്‍ ക്രെഡിറ്റു കൊണ്ടുപോയി.

സാംസണിന്റെ ഉയര്‍ന്ന സ്‌കോര്‍ പോലും 63 പന്തില്‍ നേടിയ 84 റണ്‍സാണ്. ലക്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയാണ് ഈ സ്കോര്‍. എന്നാല്‍ മത്സരം ഇന്ത്യ 250 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ഒമ്പത് റണ്‍സിന് തോറ്റു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ നടന്ന ഏകദിനത്തില്‍ ഇഷാന്‍കിഷന്‍ 84 പന്തുകളില്‍ 93 റണ്‍സ് അടിച്ചു 282 റണ്‍സ് ചേസ് ചെയ്ത് നേടുകയും ചെയ്തു. വെറും രണ്ട് ഇന്നിംഗ്‌സുകളില്‍ 131 പന്തുകളില്‍ കൂറ്റനടിയിലൂടെ 210 റണ്‍സ് നേടി താന്‍ സാംസണെക്കാള്‍ മെച്ചമാണെന്ന് കിഷന്‍ കാണിച്ചു കൊടുത്തു. സാംസണ്‍ ഇഷാന്‍ കിഷന്‍ ചര്‍ച്ച ഇവിടെ അവസാനിക്കുകയും ചെയ്തു. വീണ്ടും വീണ്ടും പരീക്ഷിക്കപ്പെട്ടപ്പോഴെല്ലാം അയാള്‍ മികവും കാട്ടി.

പാകിസ്താനെതിരേ മദ്ധ്യനിരയില്‍ പരീക്ഷിക്കപ്പെട്ടപ്പോഴും ഏറ്റവും മികച്ച പേസ് ത്രയത്തിനെതിരേ കിഷന്‍ മികവ് കാട്ടി. ലോകകപ്പ് ടീമില്‍ ഇനി സാംസണിന്റെ ആകെ സാധ്യത ശ്രേയസ് അയ്യരും കെ എല്‍ രാഹുലും യഥാസമയം ഫിറ്റ്നസ് വീണ്ടെടുക്കാതിരിക്കുകയാണ്. അയ്യര്‍ ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും കളിച്ചു. രാഹുല്‍ സൂപ്പര്‍ ഫോറില്‍ കളിക്കുമെന്നാണ് കരുതുന്നത്.

ഇവരുടെ അഭാവത്തില്‍, സെലക്ടര്‍മാരുടെ കണ്ണില്‍പെടാന്‍ സാംസണ്‍ ഒന്നും ചെയ്തതുമില്ല. വെസ്റ്റ് ഇന്‍ഡീസിലെ രണ്ട് ഏകദിനങ്ങളില്‍, വെറും ഒമ്പതും 51 മായിരുന്നു സ്‌കോറുകള്‍. എട്ട് ടി20 യില്‍ സമ്പാദ്യം 123 റണ്‍സും. സ്റ്റമ്പിന് പിന്നിലും സെലക്ടര്‍മാരുടെ കണ്ണുകള്‍ പിടിക്കുന്നതില്‍ പരാജയപ്പെട്ടു.