Oddly News

മാരക ആണവ മിസൈലുമായി ചൈന; ദൂരപരിധി 12,000 കി.മീ; ഹിരോഷിമയില്‍ വീണ ബോംബുകളേക്കാള്‍ 200 മടങ്ങ് ശക്തം

ബെയ്ജിങ്: തങ്ങളുടെ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ചൈന. 12,000 കിലോമീറ്റര്‍വരെ താണ്ടാന്‍ ശേഷിയുണ്ടെന്ന് ചൈന അവകാശപ്പെടുന്ന ഡി.എഫ്.-5ബിയുടെ കൂടുതല്‍ വിവരങ്ങളാണ് വെളിപ്പെടുത്തിയത്. അമേരിക്കയെപ്പോലും ലക്ഷ്യമിടാന്‍ ശേഷിയുള്ള ഈ ആണവമിസൈല്‍ ചൈനയുടെ ആയുധപ്പുരയിലെ ഏറ്റവും മാരകവും ശക്തവുമായ ആയുധങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

വ്യാപാര തര്‍ക്കങ്ങളില്‍ത്തട്ടി യു.എസുമായുള്ള അസ്വാരസ്യങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വെളിപ്പെടുത്തലെന്നതും ശ്രദ്ധേയം. രാജ്യത്തെ ഒന്നാം തലമുറയില്‍പ്പെട്ട തന്ത്രപരമായ മിസൈലായാണ് ഡി.എഫ്.-5ബിയെ ചൈന വിശേഷിപ്പിക്കുന്നത്. ശീതയുദ്ധ കാലഘട്ടത്തില്‍ വികസിപ്പിച്ചെടുത്ത ഡി.എഫ്-5 മോഡലിന്റെ തന്ത്രപ്രധാന നവീകരണമാണ് ഡി.എഫ്.-5ബി. എം.ഐ.ആര്‍.വി. (മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീഎന്‍ട്രി വെഹിക്കിള്‍) സാങ്കേതികവിദ്യയുടെ ഉപയോഗമാണ് പുതുതായി കൂട്ടിച്ചേര്‍ത്തവയിലൊന്ന്.

ഡി.എഫ്-5ന് ഒരേ സമയം ഒരു ലക്ഷ്യം മാത്രമാണ് തകര്‍ക്കാന്‍ കഴിഞ്ഞിരുന്നെതെങ്കില്‍ ഡി.എഫ്-5ബിക്ക് ആറുമുതല്‍ 10 വരെ ലക്ഷ്യങ്ങള്‍ ഒരേ സമയം തകര്‍ക്കാന്‍ കഴിയുമെന്നാണ് അവകാശവാദം. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ലക്ഷ്യം ഭേദിക്കാനും സാധിക്കും. ഉപഗ്രഹ സഹായത്തോടെയുള്ള നാവിഗേഷന്‍ സാധ്യമാക്കിയിരിക്കുന്നതിനാല്‍ കൃത്യതയിലും മുമ്പനാണ്. ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബുകളേക്കാള്‍ 200 മടങ്ങ് കൂടുതല്‍ ശക്തമാണ് പ്രഹരശേഷിയെന്നും ചൈന അവകാശപ്പെടുന്നു.