Oddly News

‘വിദ്യാഭ്യാസമുള്ള ഒരാളും ഇല്ലേ ഇവിടെ’: അക്ഷരത്തെറ്റിന് അധ്യാപകന് സസ്പെൻഷൻ, അടിച്ചുകൊടുത്ത ഓർഡറിലും നിറയെ തെറ്റ്!

ഷിംലയില്‍ സ്കൂൾ അധ്യാപകൻ എഴുതി കൊടുത്ത ബാങ്ക് ചെക്കിൽ നിറയെ അക്ഷരത്തെറ്റകള്‍. ചെക്കിന്റെ ചിത്രം ഉള്‍പ്പെടെ സംഭവം സമൂഹമാധ്യങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഉടന്‍തന്നെ നടപടിയെടുത്തു. താമസിയാതെഅധ്യാപകന് സസ്പെൻഷൻ അടിച്ചുകൊടുത്തു . എന്നാൽ, ആ ഓർഡറിലാകട്ടെ അക്ഷരത്തെറ്റുകളുടെ പ്രവാഹം. ‘പ്രിൻസിപ്പൽ’ എന്ന് ഇംഗ്ലീഷിൽ എഴുതിയതുപോലും തെറ്റായി. ഇതോടെ, ചെക്കിനു പിന്നാലെ സസ്പെൻഷൻ ഓർഡറും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘വിദ്യാഭ്യാസമുള്ള ഒരുത്തൻ പോലുമില്ലേ ഈ നാട്ടിൽ’ എന്നാണ് സമൂഹമാധ്യമങ്ങളിലെ രൂക്ഷ പരിഹാസം.

ഹിമാചലിലെ സിർമൗറിലെ റോൺഹട്ടിലുള്ള ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ അട്ടർ സിങ്ങിനെയാണ് വിദ്യാഭ്യാസ വകുപ്പ് അക്ഷരത്തെറ്റിന് സസ്പെന്‍ഡ് ചെയ്തത്. ചെക്കിലെ തുക കൃത്യമായി അക്കത്തിൽ എഴുതിയിട്ടുണ്ടെങ്കിലും, ഇംഗ്ലീഷിൽ എഴുതിയപ്പോൾ തെറ്റി. 7616 എന്നത് ‘സെവൻ തൗസൻഡ് സിക്സ് ഹൻഡ്രഡ് ആൻഡ് സിക്സ്റ്റീൻ’ എന്നെഴുതേണ്ടതിന് പകരം ‘Saven Thursday six Harendra sixty rupees only’ എന്നായിരുന്നു ചെക്കിൽ എഴുതിയത്.

ചെക്ക് വൈറലായതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചുള്ളസമൂഹമാധ്യമങ്ങളില്‍ ചർച്ചകളും ഉയർന്നു. ഇതോടെയാണ് അധ്യാപകനെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സസ്പെൻഷൻ ഉത്തരവ് കിട്ടി. എന്നാൽ, സസ്പെൻഷൻ ഉത്തരവിലും നിറയെ തെറ്റുകളാണുണ്ടായിരുന്നത്. ‘Principal’ എന്നതിനു പകരം ‘Princpal’ എന്നും ‘Sirmaur’ എന്ന സ്ഥലപ്പേര് ‘Sirmour’ എന്നും ‘education’ എന്നത് ‘educatioin’ എന്നുമാണ് ഉത്തരവിലുണ്ടായിരുന്നത്. കൂടാതെ വേറെയും നിരവധി തെറ്റുകൾ ഉത്തരവിലുണ്ട്.

രസകരമായ മറ്റൊരു കാര്യം ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവം. സസ്പെൻഷൻ ഉത്തരവിലും അക്ഷരത്തെറ്റായതോടെ വിദ്യാഭ്യാസ വകുപ്പ് പുലിവാലു പിടിച്ചു. തെറ്റ് സമ്മതിക്കുന്നുവെന്നും തിരക്കിട്ട് ഓർഡർ തയാറാക്കിയപ്പോൾ സംഭവിച്ച അച്ചടിപ്പിശകാണെന്നുമാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രാജീവ് താക്കൂർ പ്രതികരിച്ചത്.