Crime

24 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് സിര്‍മൗറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഗണിതശാസ്ത്ര അധ്യാപകനാണ് അറസ്റ്റിലായത്.

സ്‌കൂളിലെ എട്ടു മുതല്‍ പത്താം ക്ലാസില്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അതിക്രമം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് അധ്യാപകനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അധ്യാപകനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ഡി.ഇക്ക് നിര്‍ദേശം നല്‍കി. സ്‌കൂളില്‍ നേരിട്ട് പോയി കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴിയെടുത്ത് വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. പരാതി ലഭിച്ചശേഷം സ്‌കൂളിലെ ആഭ്യന്തര സമിതി പരിശോധിച്ച് രക്ഷിതാക്കളുടെ യോഗം ചേരുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ വകുപ്പ് പ്രകാരമാണ് അധ്യാപകനെതിരേ കേസെടുത്തത്. സ്‌കൂളില്‍ നടന്ന ‘ശിക്ഷ സംവാദ്’ പരിപാടിക്കിടെയാണ് സംഭവം.

അതേസമയം, സംഭവത്തില്‍ അഖില ഭാരതീയ മഹിളാ ജന്‍വാദി സമിതി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും സിര്‍മൗര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു. വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തെന്നും തെളിവെടുപ്പ് നടത്തിയെന്നും യോഗേഷ് അറിയിച്ചു.