ഗോള്‍മുഖം വിട്ടിറങ്ങി അപകടകരമായി കളിക്കുന്ന കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയെ ലോകം വിശേഷിപ്പിച്ചത് ഏറ്റവും ഭയരഹിതനായ ഫുട്‌ബോളര്‍ എന്നാണ്. എന്‍. എസ് മാധവന്‍ എഴുതിയ ‘ഹിഗ്വിറ്റ’യിലെ മുഖ്യ കഥാപാത്രമായ ഗീവര്‍ഗീസച്ചന്‍ കഥയിലുടനീളം പെരുമാറുന്നത് റെനെ ഹിഗ്വിറ്റയെന്ന ലോകം കണ്ട ഏറ്റവും ശക്തനായ കൊളംബിയന്‍ ഗോളിയുടെ കേളീ ശൈലിയിലാണ്. നീണ്ട് ചുരുണ്ട തലമുടിയുമായി ഗോൾമുഖം വിട്ടിറങ്ങി മൈതാന മധ്യത്തുവെച്ച് എതിരാളിയുടെ ഗോൾനീക്കം ഇല്ലാതാക്കിക്കളയുകയും എതിർപോസ്റ്റുവരെ മുന്നേറുകയും പറ്റിയാൽ ഗോളടിക്കാൻ ശ്രമിക്കുകയും ചെയ്യാറുള്ള ഹിഗ്വിറ്റയെ എത്ര തവണയാണ് നാം കണ്ടട്ടുള്ളത്. തങ്ങളുടെ പോസ്റ്റിലേയ്ക്കെത്തുന്ന പന്തുകള്‍ തടയുക എന്നതിനപ്പുറം ഒരു ഗോള്‍കീപ്പര്‍ക്ക് മറ്റൊരു ചുമതലയുമില്ലെന്ന് വിശ്വസിച്ചിരുന്ന കാലത്താണ് ആ കൊളംബിയന്‍ ഗോള്‍കീപ്പര്‍ 43 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചത്.
ഹിഗ്വിറ്റയുടെ 1995-ലെ ‘സ്‌കോർപിയൻ കിക്ക്’ ഏറെ പ്രസിദ്ധമായ ഒന്നായിരുന്നു. 1995 സെപ്റ്റംബർ ആറിന് വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ ഒരു സൗഹൃദ മത്സരത്തിനിടെയാണ് ഹിഗ്വിറ്റയുടെ സ്‌കോർപ്പിയൻ സേവ് ലോകം കണ്ടത്. ഇംഗ്ലണ്ടിന്റെ ജാമി റെഡ്നാപ്പിന്റെ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ ഗോൾവലയിലേയ്ക്ക് വന്ന ഒരു പന്തിനെ വായുവിൽ ഉയർന്നുപൊങ്ങി കാലുകൾ പിറകിലേക്ക് വളച്ച് തട്ടിത്തെറിപ്പിക്കുകയായിരുന്നു ഹിഗ്വിറ്റ. ഫുട്‌ബോൾ ലോകം അതുകണ്ട് അക്ഷരാർഥത്തിൽ ഞെട്ടി.
ഹിഗ്വിറ്റയുടെ സ്‌കോർപിയൻ കിക്കിന് ഈ വർഷം 30 വയസ് പൂർത്തിയായി . ഹിഗ്വിറ്റയാകട്ടെ 60-ാം വയസിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോഴിതാ 30 വർഷങ്ങൾക്കിപ്പുറം തന്റെ പ്രസിദ്ധമായ സ്‌കോർപിയൻ കിക്ക് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അദ്ദേഹം. ദിവസങ്ങൾക്കു മുമ്പ് ഒരു ചാരിറ്റി മത്സരത്തിനിടെ കൊളംബിയൻ ലെജൻഡ്‌സിനായാണ് ഹിഗ്വിറ്റ വീണ്ടും ഗോൾവല കാത്തത്. ഇത്തവണയും ഗോൾപോസ്റ്റിലേക്ക് വന്ന പന്തിനെ വായുവിൽ ഉയർന്നുപൊങ്ങി കാലുകൾ പിറകിലേക്ക് വളച്ച് തട്ടിത്തെറിപ്പിക്കുകയായിരുന്നു ഹിഗ്വിറ്റ. എങ്കിലും 30 വർഷം മുമ്പത്തെ പൂർണത അതിനുണ്ടായിരുന്നില്ല. 60-കാരന്റെ ഈ പ്രകടനം അമ്പരപ്പോടെയാണ് ഫുട്‌ബോൾ ലോകം കണ്ടത്. ഇതിന്റെ വീഡിയോ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
അമിതമായ ഈ കോണ്‍ഫിഡന്‍സ് തന്നെയായിരുന്നു ഹിഗ്വിറ്റക്ക് ഒരിക്കല്‍ വിനയായത്. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കാമറൂണിനെതിരായ മത്സരത്തിലെ എക്സ്ട്രാ ടൈമിലായിരുന്നു ആ പിഴവ് ഹിഗ്വിറ്റക്ക് സംഭവിച്ചത്. അന്ന് തന്റെ പോസ്റ്റിലേക്ക് വന്ന പന്തിനെ തട്ടിയകറ്റേണ്ട ജോലിയേ ഹിഗ്വിറ്റക്കുണ്ടായിരുന്നുള്ളൂ, എന്നാല്‍ അവിടെ ഷോര്‍ട് പാസ് കളിക്കാന്‍ ശ്രമിച്ച ഹിഗ്വിറ്റ മിന്നല്‍ വേഗത്തിലെത്തിയ റോജര്‍ മില്ലയെ ഡ്രിബിള്‍ ചെയ്യാന്‍ ശ്രമിച്ചു. ഹിഗ്വിറ്റയെ ബീറ്റ് ചെയ്ത് റോജര്‍ മില്ല പന്ത് വലയിലേക്ക് അനായാസം തട്ടിയിട്ടു. റോജര്‍ മില്ലയെന്ന കാമറൂണ്‍ ഫോര്‍വേഡ് ആഘോഷ നൃത്തമാടുമ്പോള്‍ ഹിഗ്വിറ്റ ഒരു ലോകകപ്പ് തന്നെ തുലച്ച സങ്കടഭാരത്തില്‍ തലകുനിച്ച് നിന്നു. കളി കാമറൂണ്‍ വിജയിച്ചു. അവസാനം റഫറി ഫൈനല്‍ വിസില്‍ മുഴക്കുമ്പോള്‍ തലകുനിച്ച് ഗ്രൌണ്ടിന് പുറത്തേക്ക് നടക്കുന്ന ഹിഗ്വിറ്റയെ കണ്ട് കാണികളും നെടുവീര്‍പ്പിട്ടു.
എന്നാല്‍ ഈ പിഴവിന്‍റെ പേരില്‍ ഹിഗ്വിറ്റയെ സ്വന്തം ടീമോ ആരാധകരോ രാജ്യമോ തള്ളിപ്പറഞ്ഞില്ല. തോല്‍വിയോടെ കൊളംബിയ ആ ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൗണ്ടില്‍ നിന്ന് പുറത്തേയ്ക്ക് ടീമിനൊപ്പം തലകുനിച്ചു നടന്ന ഹിഗ്വിറ്റയെ പക്ഷേ കാണികൾ ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. കാരണം ആ പിഴവിന്‍റെ മാത്രം പേരില്‍ അറിയപ്പെടേണ്ടിയിരുന്ന ആളല്ല ഹിഗ്വിറ്റയെന്ന ഗോളി. 68 അന്താരാഷ്ട്ര മത്സരങ്ങളിൽ കൊളംബിയൻ ഗോൾമുഖം കാത്ത ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാള്‍.
കാണുക ഗോള്‍മുഖം വിട്ടിറങ്ങി അപകടകരമായി കളിക്കുന്ന ആ പഴയ വീരഗാഥകള്‍
കൊളംബിയക്കായി 68 അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോൾവല കാത്ത ഹിഗ്വിറ്റ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ക്ലബ്ബ് തലത്തിലെ കണക്കെടുക്കുമ്പോൾ ഗോളുകളുടെ എണ്ണം 30 പിന്നിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗോളടിക്കുന്ന ഗോളിയെന്നായിരുന്നു ഹിഗ്വിറ്റയെ ഫുട്‌ബോൾ ലോകം വിളിച്ചിരുന്നത്. 2002-ൽ ഒരു സ്വകാര്യ ചാനൽ തിരഞ്ഞെടുത്ത ലോകത്തെ 100 മികച്ച കായിക മുഹൂർത്തങ്ങളിൽ ഒന്ന് ഹിഗ്വിറ്റയുടെ സ്‌കോർപിയൻ കിക്കായിരുന്നു.




