കൊച്ചി: സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം സഫലമാക്കാന്‍ മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യക്ക് ഹൈക്കോടതിയുടെ അനുമതി.
ചിക്കന്‍പോക്സിനെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ വീനസ് ത്രോംബോസിസ് ബാധിച്ച് മസ്തിഷ്കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്ന് കുഞ്ഞു വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഭാര്യ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് എം.ബി. സ്നേഹലതയുടെ ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും ഏപ്രില്‍ എഴിന് പരിഗണിക്കും.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണു യുവാവിന്റെ ശ്വാസം നിലനിര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ അസിസ്റ്റഡ് റീപ്ര?ഡക്റ്റീവ് ടെക്നോളജി (എ.ആര്.ടി) നിയമപ്രകാരം ബീജം ശേഖരിക്കാന്‍ ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം വാങ്ങാന്‍ കഴിയില്ലെന്നും ചികിത്സ വൈകിയാല്‍ പിതൃത്വത്തിനുള്ള സാധ്യത എന്നേക്കുമായി നഷ്ടപ്പെടാനിടയായേക്കുമെന്നുമായിരുന്നു യുവതിയുടെ വാദം.
ഇതു കണക്കിലെടുത്ത് യുവാവിന്റെ ബീജം ശേഖരിക്കാനും ശീതീകരിച്ച് സൂക്ഷിക്കാനും കോടതി അനുമതി നല്കി. ചികിത്സയിലുള്ള ആശുപത്രിയോ മറ്റ് അംഗീകൃത എ.ആര്.ടി ക്ലിനിക്കുകളോ മുഖേന ഇതിനുള്ള നടപടികള്‍ സ്വീകരിക്കാം.
എന്നാല്‍, ബീജം ശേഖരിച്ച ശേഷം മറ്റ് എ.ആര്.ടി നടപടികളിലേക്ക് കടക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും ഉത്തരവില്‍ പറയുന്നു.




