Sports

സൂപ്പര്‍താരത്തിന് ഒന്നാം റാങ്കോടെ ലോകകപ്പിനെത്താം; ഓസീസിനെതിരേ മിന്നിയാല്‍ ബാബര്‍ അസമിനെ മറികടക്കാം

നാളെ തുടങ്ങാന്‍ പോകുന്ന ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ക്രിക്കറ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അടുത്ത മാസം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ആതിഥേയര്‍ എന്ന നിലയില്‍ അത് ഇന്ത്യയ്ക്ക് സമ്മാനിക്കാന്‍ പോകുന്ന ആത്മവിശ്വാസം ചില്ലറയായിരിക്കില്ല.

പരമ്പര ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. ഐസിസിയുടെ റാങ്ക് പട്ടികയില്‍ കണ്ണുവച്ചിരിക്കുന്നത് ബൗളിംഗ് ചാര്‍ട്ടില്‍ മുഹമ്മദ് സിറാജ്, ട്വന്റി20 യില്‍ സൂര്യകുമാര്‍ യാദവ്, ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ്. ബുധനാഴ്ച സിറാജ് ബൗളര്‍മാരില്‍ ഒന്നാമനായി. 2022 നവംബര്‍ മുതല്‍ സൂര്യകുമാര്‍ യാദവ് ടി ട്വന്റി റാങ്കിംഗിലുണ്ട്. ഇപ്പോള്‍ ഏകദിനത്തില്‍ ഒന്നാമനാകാന്‍ സുവര്‍ണ്ണാവസരം ശുഭ്മാന്‍ ഗില്ലിനാണ്.

നിലവില്‍ പാകിസ്താന്റെ ബാബര്‍ അസമിന് പിന്നില്‍ രണ്ടാമതാണ് ഗില്‍. ഏഷ്യാകപ്പിലെ ബാറ്റിംഗ് പ്രകടനമാണ് ഇതിന് തുണയായത്. 303 റണ്‍സാണ് ഏഷ്യാക്കപ്പില്‍ അടിച്ചു കൂട്ടിയത്. ബംഗ്‌ളാദേശിനെതിരേ തകര്‍പ്പനൊരു സെഞ്ച്വറിയും നേടി. ബാബര്‍ അസമിന് വെറും 43 പോയിന്റ് മാത്രം പിന്നിലുള്ള ഗില്ലിന് ഓസ്‌ട്രേലിയയ്‌ക്കെതിരേ കൂടി മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ പിന്നെ ലോകകപ്പ് ടീമിലേക്ക് അനിഷേധ്യനായി തന്നെ അവകാശം പറയാം. ലോകകപ്പിന് മുമ്പായി പാകിസ്താന്‍ ഒരു ഏകദിനവും കളിക്കുന്നില്ല എന്നതും ഗില്ലിന് ഗുണമാണ്.

ഓസ്‌ട്രേലിയയ്ക്ക് എതിരേ കോഹ്ലി, രോഹിത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളിലും ഗില്ലിനെ തിരഞ്ഞെടുത്തു. നിലവിലെ ഫിറ്റ്‌നസ്സില്‍ അവന്‍ മിക്കവാറും എല്ലാ മത്സരങ്ങളും കളിക്കും. ഇത് ബാബര്‍ അസമിനെ പുറത്താക്കി ലോകത്തിലെ ഒന്നാം നമ്പര്‍ ഏകദിന ബാറ്ററാകാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഗില്ലിന് നല്‍കുന്നത്.