ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടാകണം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാല്‍ ജിമ്മില്‍ പോകുന്നവര്‍ പുലര്‍ത്തുന്ന തെറ്റുകള്‍ പലപ്പോഴും ജീവന് തന്നെ അപകടം വരുത്താറുണ്ട്. തുടക്കത്തില്‍ ചെറിയ വര്‍ക്ക്ഔട്ട് ഒക്കെ ചെയ്ത് ശരീരത്തെ പാകപ്പെടുത്തി ക്രമമായി മാത്രമേ തീവ്രമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ….
- മെഡിക്കല്‍ വിവരങ്ങള്‍ ട്രെയ്നറോട് പങ്കുവയ്ക്കണം – നിങ്ങളുടെ രോഗങ്ങളെ അവഗണിച്ചു കൊണ്ടും അവയെ പറ്റിയുള്ള വിവരങ്ങള്‍ മറച്ച് വച്ച് കൊണ്ടും വ്യായാമം ആരംഭിക്കുന്നത് അപകടമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊറോണറി ഹാര്‍ട്ട് ഡിസീസ്, ഹൃദയനിരക്ക് ഉയരുന്ന അരിത്മിയാസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ വ്യായാമം ചെയ്യുമ്പോള്‍ പല മുന്‍കരുതലുകളും എടുക്കണം. വ്യായാമം ആരംഭിക്കും മുന്‍പ് ട്രെയ്നറോട് ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ തുറന്നു പറയണം.
- അധികമാകരുത് വര്‍ക്ക് ഔട്ട് – ജിമ്മിലെത്തുന്ന ചിലരെങ്കിലും തങ്ങളെ കൊണ്ട് പറ്റുന്നതിയതിലും കൂടുതല്‍ ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുക, അതിതീവ്രമായ വര്‍ക്ക്ഔട്ടുകള്‍ മുന്നൊരുക്കങ്ങളില്ലാതെ ചെയ്യുക എന്നിങ്ങനെ പലതിനും മുതിരാറുണ്ട്. ഇത്തരത്തില്‍ അമിതമായി വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഹൃദയനിരക്കും രക്തസമ്മര്‍ദ്ദവും പെട്ടെന്നുയരാന്‍ കാരണമാകും. ഇത് ഹൃദയത്തിന് മുകളില്‍ അനാവശ്യമായ സമ്മര്‍ദ്ദമുണ്ടാക്കി ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും.
- നിര്‍ജലീകരണം -വര്‍ക്ക് ഔട്ടിന്റെ സമയത്ത് ഇടയ്ക്ക് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഇത് ശരീരത്തിലെ രക്തത്തിന്റെ അളവിനെ കുറച്ച് ഹൃദയനിരക്ക് വര്‍ധിപ്പിക്കും. ഇലക്ട്രോലൈറ്റ് അസന്തുലനത്തിലൂടെ ഹൃദ്രോഗസാധ്യതയും നിര്‍ജലീകരണം വര്‍ധിപ്പിക്കും.
- കാര്‍ഡിയോ വ്യായാമം അധികമാകരുത് – ഹൃദയത്തിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യുന്ന കാര്‍ഡിയോ വ്യായാമങ്ങള്‍ അമിതമായി ചെയ്യുന്നത് പ്രതികൂലമായ ഫലങ്ങള്‍ ഉളവാക്കും. പേശികളുടെ ക്ഷീണം, വര്‍ധിച്ച കോര്‍ട്ടിസോള്‍ തോത്, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അമിതമായ കാര്‍ഡിയോ വ്യായാമം മൂലം ഉണ്ടാകും.
- ബുദ്ധിമുട്ട് തോന്നിയാല്‍ നിര്‍ത്തണം – വ്യായാമ സമയത്ത് ഹൃദയം നല്‍കുന്ന സൂചനകളെ അവഗണിച്ച് മുന്നോട്ട് പോകുന്നതും വലിയ തെറ്റാണ്. നെഞ്ച് വേദന, തലകറക്കം, ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ് ഉയരല്‍ പോലുള്ള ലക്ഷണങ്ങള്‍ ഹൃദയത്തെ സംബന്ധിച്ച് എന്തോ പന്തികേട് ഉണ്ടെന്നതിന്റെ സൂചനയാണ്. ഇത്തരം ലക്ഷണങ്ങളെ അവഗണിച്ച് വ്യായാമം ചെയ്തു കൊണ്ടേയിരിക്കരുത്. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഉടനെ നിര്‍ത്താനും വിശ്രമിക്കാനും ശ്രദ്ധിക്കണം.
- വിശ്രമം പ്രധാനം – ഏത് വ്യായാമത്തിന്റെയും നിര്‍ണ്ണായക ഘടകമാണ് വിശ്രമം. വര്‍ക്ക് ഔട്ടിന്റെ സമയത്ത് നാം ശരീരത്തെ ആയാസപ്പെടുത്തുകയാണ് ചെയ്യുക. ഇത് പൂര്‍വസ്ഥിതിയിലെത്താന്‍ ശരീരത്തിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് ക്ഷീണത്തിലേക്കും കുറഞ്ഞ പ്രകടനത്തിലേക്കും പരുക്കിലേക്കുമൊക്കെ നയിക്കും.
- തെറ്റായ പോസ്ച്ചര്‍ – തെറ്റായ പോസ്ച്ചറില്‍ വര്‍ക്ഔട്ട് ചെയ്യുന്നത് ഹൃദയത്തിനുള്‍പ്പെടെ പരുക്ക് ഏല്‍പ്പിക്കും. ഭാരം ഉയര്‍ത്തുമ്പോള്‍ ശരീരം വല്ലാതെ വളയ്ക്കുന്നതും ഗതിവേഗം ഉപയോഗിച്ച് ഭാരം ഉയര്‍ത്തുന്നതുമൊക്കെ ഹൃദയത്തിനെയും മറ്റ് പേശികളെയും ആയാസപ്പെടുത്തും. പേശികളില്‍ വിള്ളലുണ്ടാകാനും സന്ധിബന്ധങ്ങളില്‍ ക്ഷതമുണ്ടാകാനുമൊക്കെ ഇത് കാരണമാകാം. എപ്പോഴും ഒരു ഇന്‍സ്ട്രക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രമേ പുതിയ വ്യായാമങ്ങളിലേക്ക് കടക്കാവൂ.
- വാംഅപ്പ് മുഖ്യം – പേശികളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിച്ചും ശരീരത്തിന്റെ താപനില ഉയര്‍ത്തിയും തീവ്രമായ വ്യായാമങ്ങള്‍ക്കായി ശരീരത്തെ തയ്യാറെടുപ്പിക്കുന്നവയാണ് വാം അപ്പ്. ഇത് ചെയ്യാതെ നേരെ വര്‍ക്ക്ഔട്ടിലേക്ക് കടക്കുന്നതും തെറ്റാണ്. അതേ പോലെ വര്‍ക്ക്ഔട്ടിന് ശേഷം ശരീരത്തിന് പൂര്‍വസ്ഥിതിയിലേക്ക് വരാനും ഹൃദയനിരക്ക് കുറയ്ക്കാനും സമയം നല്‍കണം. ഇവ രണ്ടുമില്ലെങ്കില്‍ ഹൃദയസംബന്ധമായ തകരാറുകള്‍ വരാനുള്ള സാധ്യത അധികമാണ്.