Crime

കാമുകിയുമായുള്ള വീഡിയോ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ്; കാമുകന്‍ തട്ടിയത് 2.5 കോടി

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കാമുകിയുടെ താനുമായുള്ള അശ്ളീല ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി അതുവെച്ച് ബ്ളാക്ക്മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടര കോടി രൂപ.

ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഈ തുകയ്ക്ക് പുറമേ വിലയേറിയ ആഭുരണങ്ങളും വാച്ചും കാറും വരെ യുവാവ് പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തു. ഭീഷണിയും ബ്ളാക്ക്മെയിലിംഗും കൂടിയതോടെ ഏറ്റവും ഒടുവില്‍ ധൈര്യം സംഭരിച്ച യുവതി പോലീസിനെ സമീപിക്കുകയും കാമുകനെ പോലീസ് പൊക്കുകയും ചെയ്തു.

മാസങ്ങളോളം ബ്ലാക്ക്‌മെയില്‍ തുടര്‍ന്നതോടെയാണ് ഇര സഹിക്കാന്‍ കഴിയാതെ പോലീസിനെ സമീപിക്കുകയും കാമുകന്റെ അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തത്. ഇപ്പോള്‍ 20 വയസ്സുള്ള യുവതിയും യുവാവും മുമ്പ് ബോര്‍ഡിംഗ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. അന്നാണ് പ്രതി മോഹന്‍കുമാറുമായി ആദ്യം പരിചയപ്പെടുന്നത്. പിന്നീട് നല്ല സുഹൃത്തുക്കളായി. പക്ഷേ സ്‌കൂള്‍ വിട്ടപ്പോള്‍ ബന്ധം നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടുകയും അടുപ്പം കൂടുകയും ഒടുവില്‍ പ്രണയത്തിലാകുകയും ചെയ്തു.

ഇതിനിടയില്‍ വിവാഹം കഴിക്കാമെന്ന് കുമാര്‍ യുവതിക്ക് വാക്ക് നല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തി. അത്തരം യാത്രകളില്‍, കുമാര്‍ ഇരുവരും തമ്മില്‍ അടുത്തിടപഴകുന്നതിന്റെ വീഡിയോകള്‍ ഉണ്ടാക്കി. അത് തനിക്കുവേണ്ടി മാത്രമാണെന്ന് പെണ്‍കുട്ടിക്ക് ഉറപ്പും നല്‍കി. വീഡിയോകളില്‍, കുമാര്‍ സ്വന്തം മുഖം ഒളിപ്പിച്ചു വെച്ചിരുന്നു. പിന്നീട് അവ ഉപയോഗിച്ചാണ് സ്ത്രീയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയത്. വലിയ തുക നല്‍കിയില്ലെങ്കില്‍ വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

ഞെട്ടിപ്പോയ യുവതി മുത്തശ്ശിയുടെ അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപ രഹസ്യമായി പിന്‍വലിച്ച് കുമാര്‍ നല്‍കിയ ചില അക്കൗണ്ടുകളിലേക്ക് മാറ്റി. ബ്ലാക്ക്‌മെയില്‍ തുടരുന്നതിനിടെ, വിവിധ അവസരങ്ങളിലായി ആകെ 1.32 കോടി രൂപയും ഇയാള്‍ക്ക് നല്‍കി. എന്നിട്ടും കുമാര്‍ ആവശ്യങ്ങള്‍ നിര്‍ത്തിയില്ല, യുവതി വിലകൂടിയ വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും നല്‍കി. അച്ഛന്റെ അക്കൗണ്ടില്‍ നിന്നും പലതവണ പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. എന്നിട്ടും ആവശ്യങ്ങള്‍ അവസാനിക്കാതെ വന്നതോടെ ഇര പോലീസിനെ സമീപിക്കാനും പരാതി നല്‍കാനും ധൈര്യം നേടി.

മോഹന്‍ കുമാറിനെ അറസ്റ്റ് ചെയ്തു. ഇത് നന്നായി ആസൂത്രണം ചെയ്ത കുറ്റകൃത്യമായിരുന്നുവെന്നും പ്രതികള്‍ 2.57 കോടി രൂപ തട്ടിയെടുത്തതായും ഇതില്‍ 80 ലക്ഷം രൂപ കണ്ടെടുത്തതായും ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ് പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *