Healthy Food

ആഴ്ചയില്‍ രണ്ട് തവണ റെഡ്മീറ്റ് കഴിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക

മുമ്പ് പല പഠനങ്ങളിലും പലപ്പോഴും റെഡ് മീറ്റിന്റെ ഉപയോഗവും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു പുതിയ പഠനം വന്നിരിക്കുകയാണ്. ആഴ്ചയില്‍ രണ്ട് തവണ റെഡ് മീറ്റ് കഴിക്കുന്നയാളുകളില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതാണ് എന്ന് ഇവര്‍ പറയുന്നു.

ഒക്‌ടോബര്‍ 19 ന് അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് ഹെല്‍ത്തിലെ ഗവേഷകരാണ്. 216,695 പേരില്‍ നിന്നുള്ള വിവരങ്ങളാണ് വിശകലനം ചെയ്തത്.

രണ്ട് മുതല്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ചോദ്യാവലി ഉപയോഗിച്ച് അവരുടെ ഡയറ്റ് വിലയിരുത്തി. പഠനത്തില്‍ പങ്കെടുത്തവരില്‍ 22,000 ത്തിലധികം പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടായി. ടൈപ്പ് 2 പ്രമേഹം ഉണ്ടായവര്‍ക്ക് സംസ്‌കരിച്ചതും അല്ലാത്തതുമായ ചുവന്ന മാംസത്തിന്റെ ഉപയോഗവുമായി ശക്തമായ ബന്ധമുണ്ട് എന്ന് കണ്ടെത്തി.

കൂടുതല്‍ റെഡ് മീറ്റ് കഴിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറഞ്ഞ അളവില്‍ റെഡ് മീറ്റ് കഴക്കുന്നവരെ അപേക്ഷിച്ച് 62 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. ഓരോ തവണയും കൂടുതലായി കഴിക്കുന്ന റെഡ് മീറ്റ് ടൈപ്പ് 2 പ്രമേഹ സാധ്യത 24 ശതമാനം വരെ വര്‍ധിപ്പിക്കുന്നു എന്ന് ഇവര്‍ പറയുന്നു.

റെഡ് മീറ്റിന് പകരം പ്രോട്ടിന്‍ ശ്രോതസുകളായ പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഉപയോഗിക്കാമെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തില്‍ പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ റെഡ്മീറ്റിന് പകരമായി ഉപയോഗിക്കുന്നത് ട്രൈപ്പ് 2 പ്രമേഹ സാധ്യത 30 ശതമാനം കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കി. പരമാവധി ആഴ്ചയില്‍ ഒരിക്കല്‍ ചുവന്ന മാംസം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നും പഠനം പറയുന്നു.