അഞ്ചു തവണ കപ്പുയര്‍ത്തിയ സാഹചര്യത്തില്‍ നിന്നും പ്ളേഓഫ് കാണാനാകാതെ ആദ്യം പുറത്താകുന്ന ടീമിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ സീസണിലെ ഏകമാറ്റം ഇതാണ്. രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് എന്തിനാണെന്ന ചോദ്യം മുംബൈ ഇന്ത്യന്‍സ് ആരാധകരില്‍ നിന്നും നേരിടുകയാണ്.
തലമുറമാറ്റം എന്ന ആശയത്തില്‍ ഉറച്ചായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വന്‍തുക മുടക്കി തങ്ങളുടെ പഴയ താരത്തെ തിരിച്ച് സ്വന്തമാക്കിയത്. ടീമിന്റെ നായകനാക്കിക്കൊണ്ടായിരുന്നു പഴയ തുറുപ്പുചീട്ടിനെ തിരിച്ചുപിടിച്ചത്. എന്നാല്‍ പ്ളേഓഫ് കാണാതെ ടീം പുറത്തായതോടെ മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസ്സിംഗ് റൂമില്‍ സംഘര്‍ഷം പുകയുകയാണ്.
പാണ്ഡ്യയെ നായകനാക്കിയത് ടീമിന് ഗുണം ചെയ്തോ എന്ന ആലോചനകളാണ് ഇതില്‍ ഏറ്റവും പ്രധാനം. നായകനെന്ന നിലയില്‍ താരത്തിന്റെ പ്രകടനം ടീമിനെ ഒരു രീതിയിലും കരകയറ്റുന്നതായിരുന്നില്ല. 12 മത്സരം പാണ്ഡ്യയ്ക്ക് കീഴില്‍ കളിച്ച മുംബൈ എട്ടിലും തോറ്റുപോകുകയായിരുന്നു. ക്യാപ്റ്റനായി പാണ്ഡ്യയ്ക്ക് ഇത്രയും മത്സരത്തില്‍ നേടാനായത് 198 റണ്‍സായിരുന്നു. കഴിഞ്ഞ മത്സരത്തിലെ മൂന്ന് വിക്കറ്റ് ഒഴിച്ചാല്‍ 11 കളികളില്‍ നിന്നും നേടാനായതാകട്ടെ എട്ടു വിക്കറ്റും. ഹര്‍ദിക്കിന് കീഴില്‍ രോഹിതിനും ബാറ്റിംഗില്‍ ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. താരവും ഒരു സെഞ്ച്വറി നേട്ടം ഒഴിച്ചാല്‍ വന്‍ പരാജയമായത് ടീമിന്റെ ബാറ്റിംഗിനെ ബാധിക്കുകയും ചെയ്തു.
വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള ജസ്പ്രീത് ബുംറ മാത്രമാണ് ടീമിന്റെ കാര്യത്തില്‍ സ്ഥിരത പുലര്‍ത്തുന്നയാള്‍. ഹര്‍ദിക്പാണ്ഡ്യയുടെ നായകനായുള്ള പരീക്ഷണങ്ങളും തന്ത്രങ്ങളുമെല്ലാം ഐപിഎല്ലില്‍ വന്‍ പരാജയമായി മാറിയ മുംബൈ ഇന്ത്യന്‍സിന് പ്ളേഓഫ് സാധ്യത അവസാനിച്ചതിനാല്‍ ഇനി ബാക്കിയുള്ളത് അഭിമാനം തിരിച്ചുപിടിക്കാനുള്ള പോരാട്ടങ്ങള്‍ മാത്രമാണ്. മെയ് 17 ന് ലക്നൗവിനെതിരേയാണ് അടുത്ത മാച്ച്.