Sports

കോഹ്ലിയെ മറികടന്ന് പാണ്ഡ്യ , അഞ്ചാം തവണയും സിക്സറോടെ മത്സരം അവസാനിപ്പിച്ചു

ഏറ്റവും കൂടുതല്‍ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ സിക്സറടിച്ച് പൂര്‍ത്തിയാക്കിയ വിരാട് കോഹ്ലിയുടെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനിടെയാണു പാണ്ഡ്യ റെക്കോഡിട്ടത്. നാല് തവണയാണു കോഹ്‌ലി സിക്‌സറടിച്ചു മത്സരം അവസാനിപ്പിച്ചത്. പാണ്ഡ്യ അഞ്ചാം തവണയും സിക്സറോടെ മത്സരം അവസാനിപ്പിച്ചു.

തസ്‌കിന്‍ അഹമ്മദിനെ തുടരെ രണ്ട് ഫോറുകളടിച്ച ശേഷമാണു പാണ്ഡ്യയുടെ സിക്‌സര്‍ വരുന്നത്. മുന്‍ നായകന്‍ എം.എസ്. ധോണിയും ഋഷഭ് പന്തും മൂന്നു തവണ വീതം സിക്‌സറടിച്ചു ജയിപ്പിച്ചവരാണ്. പന്തിനു മാത്രമാണ് അതില്‍ പാണ്ഡ്യയെ മറികടക്കാന്‍ സാധ്യതയുള്ളത്. ഒന്നാം ട്വന്റി20 യില്‍ നാല് ഓവറില്‍ 26 റണ്‍ വഴങ്ങിയ ഹാര്‍ദിക് ഒരു വിക്കറ്റെടുത്തു. ട്വന്റി20 യില്‍ 87 വിക്കറ്റുമായി ഇന്ത്യയുടെ നാലാമത്തെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. 96 വിക്കറ്റുമായി യുസ്വേന്ദ്ര ചാഹലാണ് ഒന്നാം സ്ഥാനത്ത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (25 പന്തില്‍ 1 ഫോറും 1 സിക്‌സും 27 റണ്‍സ്), മെഹിദി ഹസന്‍ മിറാസ് (32 പന്തില്‍ 3 ബൗണ്ടറി, 35*) എന്നിവരായിരുന്നു സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍മാര്‍. ഇന്നിംഗ്‌സ്. ബംഗ്ലാദേശ് 19.5 ഓവറില്‍ 127 റണ്‍സിന് പുറത്തായി.

128 റണ്‍സ് പിന്തുടരുന്നതിനിടെ അഭിഷേക് ശര്‍മ (ഏഴ് പന്തില്‍ 16) ആശയവിനിമയത്തിലെ പിഴവുമൂലം റണ്ണൗട്ടായി. എന്നിരുന്നാലും, സഞ്ജു സാംസണും (19 പന്തില്‍ ആറ് ബൗണ്ടറികളോടെ 29) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (14 പന്തില്‍ 29, രണ്ട് ഫോറും മൂന്ന് സിക്‌സും) രണ്ടാം വിക്കറ്റില്‍ 40 വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയുമായി (15 പന്തില്‍ 16*) നാലാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹാര്‍ദിക്കാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.

രണ്ടാം ഇന്നിംഗ്സില്‍ പന്ത് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ട ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് മാത്രമേ എടുക്കാനായുള്ളൂ. മുസ്തഫിസുര്‍ റഹ്മാനും മെഹിദിയും മാത്രമാണ് സന്ദര്‍ശകരുടെ വിക്കറ്റ് വീഴ്ത്തിയത്. ലിറ്റണ്‍ ദാസിന്റെ പ്രധാന വിക്കറ്റും ഉള്‍പ്പെടുന്ന മികച്ച സ്പെല്ലിന് അര്‍ഷ്ദീപിനെ ‘പ്ലയര്‍ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.