
ഹെയര്‍ എക്സ്റ്റന്‍ഷനുകളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുമെന്ന് മുംബൈയിലെ പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. അമൃത ശ്രീവാസ്തവ മുന്നറിയിപ്പ് നല്‍കുന്നു. സൗന്ദര്യത്തിന് അപ്പുറം ഈ ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോറിവലി എച്ച്.സി.ജി ക്യാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റായ ഡോ. അമൃത വിശദീകരിച്ചു.
സിന്തറ്റിക് മുടികള്‍ നിര്‍മ്മിക്കാനും അവ തലയില്‍ ഒട്ടിച്ചു വെക്കാനുപയോഗിക്കുന്ന പശകളിലുമുള്ള രാസവസ്തുക്കളാണ് പ്രധാന വില്ലന്മാര്‍. ഈ ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്ന അപകടകാരികളായ ചില ഘടകങ്ങള്‍ ഇവയാണ് :
ഫ്‌ലേം റിട്ടാര്‍ഡന്റുകള്‍ (Flame retardants) : സിന്തറ്റിക് മുടികള്‍ക്ക് തീപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്നു.
പ്ലാസ്റ്റിസൈസറുകള്‍ (Plasticizers) : വസ്തുക്കള്‍ക്ക് വഴക്കം നല്‍കാന്‍ ഉപയോഗിക്കുന്നവ.
ഓര്‍ഗാനോട്ടിന്‍ സംയുക്തങ്ങള്‍ (Organotin compounds) : സ്റ്റെബിലൈസറുകളായി ഉപയോഗിക്കുന്നു.
ഹോര്‍മോണ്‍ വ്യതിയാനം, കോശങ്ങളുടെ നാശം, പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുന്ന വിഷാംശം എന്നിവയുമായി ഇവയ്ക്ക് ബന്ധമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ മനുഷ്യരില്‍ നേരിട്ട് ക്യാന്‍സറിന് കാരണമാകുമെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. സ്തനാര്‍ബുദം, അണ്ഡാശയ ക്യാന്‍സര്‍, ഗര്‍ഭാശയ ക്യാന്‍സര്‍ (Endometrial cancer) എന്നിവ പലപ്പോഴും ഈസ്ട്രജന്‍ ഹോര്‍മോണുമായി ബന്ധപ്പെട്ടതാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസവസ്തുക്കള്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് ഇത്തരം ക്യാന്‍സറുകളുടെ സാധ്യത വര്‍ദ്ധിപ്പിച്ചേക്കാം. ഒറ്റത്തവണ ഉപയോഗിക്കുന്നതിനേക്കാള്‍, ദീര്‍ഘകാലത്തെ ഉപയോഗവും ചര്‍മ്മത്തിലൂടെയോ ശ്വസനത്തിലൂടെയോ (ഹീറ്റ് സ്‌റ്റൈലിംഗ് നടത്തുമ്പോള്‍) ഈ രാസവസ്തുക്കള്‍ ശരീരത്തിലെത്തുന്നതുമാണ് അപകടസാധ്യത കൂട്ടുന്നതെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.
ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ ഒഴിവാക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് അപകടസാധ്യത കുറയ്ക്കാന്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കാം :
ലേബലുകള്‍ പരിശോധിക്കുക : സുതാര്യമായ ചേരുവകളുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.
ഉപയോഗ സമയം കുറയ്ക്കുക : ദീര്‍ഘകാലം തുടര്‍ച്ചയായി എക്സ്റ്റന്‍ഷനുകള്‍ ധരിക്കരുത്.
ഹീറ്റ് സ്‌റ്റൈലിംഗ് ഒഴിവാക്കുക : അമിതമായ ചൂട് നല്‍കുന്നത് രാസവസ്തുക്കള്‍ പുറന്തള്ളാന്‍ കാരണമാകും.
ഇടവേളകള്‍ നല്‍കുക : ഇടയ്ക്ക് സ്വാഭാവികമായ രീതിയില്‍ മുടി നിലനിര്‍ത്തുക.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹോര്‍മോണ്‍ സംബന്ധമായ ക്യാന്‍സറുകള്‍ വന്നിട്ടുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇങ്ങനെയുള്ളവര്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. ‘ഭയപ്പെടുകയല്ല, മറിച്ച് ജാഗ്രത പാലിക്കുകയാണ് വേണ്ടത്. അനാവശ്യമായ രാസസമ്പര്‍ക്കം ഒഴിവാക്കാന്‍ കൃത്യമായ അറിവും ഗവേഷണവുമാണ് ആവശ്യം,’ – ഡോ. അമൃത ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
Note to readers: This article is for informational purposes only and not a substitute for professional medical advice. Always seek the advice of your doctor with any questions about a medical condition.



