Featured Sports

ഹാളണ്ട് സൂപ്പര്‍, ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ-ക്വാർട്ടറിൽ, എതിരാളികൾ ബ്രസീൽ

സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ കരുത്തിൽ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നോർവേ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് ഹാളണ്ട് നോർവേയുടെ വിജയഗോൾ സ്വന്തമാക്കിയത്. പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ബ്രസീലാണ് ഇനി നോർവേയുടെ എതിരാളികൾ.

ആവേശകരമായ മത്സരത്തിന്റെ തുടക്കത്തിൽ ഐവറി കോസ്റ്റാണ് കൂടുതൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയത്. നോർവേ ഗോൾമുഖത്ത് അവർ തുടർച്ചയായി ഭീഷണി ഉയർത്തിയെങ്കിലും പതുക്കെ ഹാളണ്ടും സോർലോത്തും നയിച്ച നോർവേ മുന്നേറ്റനിരയും കളം പിടിച്ചു. ആദ്യ അരമണിക്കൂറിൽ ഇരുവർക്കും സ്കോർ ചെയ്യാനായില്ല. 35-ാം മിനിറ്റിൽ ഐവറി കോസ്റ്റിന്റെ ഇമ്മാനുവൽ അഗ്ബദൗവിന്റെ ഗോൾശ്രമം നോർവേ ഗോളി ഒർജാൻ ലനൈലാൻഡ് തടഞ്ഞു. തൊട്ടുപിന്നാലെ ഹാളണ്ടിന്റെ ഒരു ശ്രമം ഐവറി കോസ്റ്റ് ഗോളി യഹിയ ഫൊഫാനയും രക്ഷപ്പെടുത്തി. ഒടുവിൽ 39-ാം മിനിറ്റിൽ വിങ്ങർ അന്റോണിയോ നൂസയുടെ തകർപ്പൻ ഗോളിലൂടെ നോർവേ ആദ്യപകുതിയിൽ മുന്നിലെത്തി.

രണ്ടാം പകുതിയിൽ സമനിലയ്ക്കായി ഐവറി കോസ്റ്റ് കഠിനമായി ശ്രമിച്ചു. 55-ാം മിനിറ്റിൽ നിക്കൊളാസ് പെപ്പെയുടെ ഒരു ഉഗ്രൻ ഷോട്ട് നോർവേ ഗോളി തട്ടിയകറ്റി. പിന്നീട് പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോ ബോക്സിനുള്ളിൽ നോർവേ പ്രതിരോധക്കാരെ വെട്ടിച്ച് നേടിയ മനോഹര ഗോളിലൂടെ ഐവറി കോസ്റ്റ് 1-1 ന് സമനില പിടിച്ചു. എന്നാൽ കളി അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെ, പാട്രിക് ബെർഗിന്റെ പാസിൽ നിന്ന് എർലിങ് ഹാളണ്ട് നോർവേയുടെ വിജയഗോൾ നേടി. പിന്നീട് തിരിച്ചടിക്കാൻ ഐവറി കോസ്റ്റിന് സമയം ലഭിച്ചതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *