Sports

ഗുജറാത്തിനെ തോല്‍പ്പിച്ചത് ഈ കാരണങ്ങള്‍ ; സീസണിന്റെ രണ്ടാം പകുതിയില്‍ ബൗളിംഗ് അമ്പേ പാളി

നിര്‍ണ്ണായകമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായി പരാജയം നേരിട്ടതോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ രണ്ടാം ഐപിഎല്‍ കിരീട പ്രതീക്ഷകളാണ് തകര്‍ന്നുപോയത്. കനത്ത മഞ്ഞുവീഴ്ചയുടെ സാന്നിധ്യവും സായ് സുദര്‍ശന്റെ മറ്റൊരു ടോപ്പ്-ക്ലാസ് ബാറ്റിംഗും അവരെ തുണച്ചില്ല. മത്സരത്തില്‍ ഉടനീളം ഗുജറാത്ത് ടീം വരുത്തിയ വന്‍ പിഴവുകള്‍ക്ക് അവര്‍ക്ക് കനത്തവില നല്‍കേണ്ടി വന്നു.

മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോര്‍ തന്നെയായിരുന്നു അവരുടെ അനുഗ്രഹവും. ആദ്യം ബാറ്റ് ചെയ്ത അവര്‍ 228-5 എന്ന സ്‌കോര്‍ നേടി. രണ്ടു തവണ രോഹിത്ശര്‍മ്മയെ കൈവിട്ടതും സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനുള്ള അവസരം പാഴാക്കിയതും അവര്‍ക്ക് വലിയ തിരിച്ചടിയായി. ലൈഫ് കിട്ടിയ താരങ്ങള്‍ അത് മുതലാക്കുകയും ചെയ്തു. രോഹിതിനെ തന്റെ ഇന്നിംഗ്‌സില്‍ രണ്ട് തവണയാണ് ജിടി താരങ്ങള്‍ കൈവിട്ടത്. ഒരു തവണ ഡീപ്പില്‍ ജെറാള്‍ഡ് കോറ്റ്‌സിയും സ്റ്റമ്പിന് പിന്നില്‍ കുസല്‍ പെരേരയും കൈവിട്ടു. സൂര്യകുമാര്‍ യാദവിനെ കൈവിട്ടതും അവര്‍ക്ക് തിരിച്ചടിയായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബൗളിംഗിലും ഫീല്‍ഡിംഗിലും അല്‍പ്പം പോലും തൃപ്തനായിരുന്നില്ല.

‘ബൗളര്‍മാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു മത്സരത്തില്‍ 3 ക്യാച്ചുകള്‍ ഉപേക്ഷിക്കുമ്പോള്‍ ഒട്ടും സഹായിക്കില്ല.’ മത്സരത്തിന് ശേഷമുള്ള അഭിമുഖത്തില്‍ ഗില്‍ പറഞ്ഞു. രോഹിത് 3, 12 എന്നീ സ്‌കോറില്‍ നില്‍ക്കുമ്പോള്‍ രണ്ടു തവണ പുറത്താക്കാനുള്ള അവസരം നഷ്ടമാക്കി. മിക്ക കളിയിലും ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ഗുജറാത്ത് ടൈറ്റന്‍സ് പക്ഷേ ഇന്നലെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നുമില്ല. ഈ സീസണില്‍ മൂന്ന് തവണ 225 പ്ലസ് സ്‌കോറുകള്‍ നേടിയ ടീമായിരുന്നു ഗുജറാത്ത്.

ജിടിയുടെ ബൗളര്‍മാരുടെ ധാരാളിത്തവും പ്രശ്‌നമായിരുന്നു. സീസണിലെ ആദ്യ പകു തി മികച്ച പ്രകടനമായിരുന്നു ബൗളര്‍മാര്‍ കാട്ടിയത്. സസ്പെന്‍ഷനുശേഷം ടൂര്‍ണ മെ ന്റ് പുനരാരംഭിച്ചപ്പോള്‍ ജിടിക്ക് അവരുടെ നാല് മത്സരങ്ങളില്‍ ഓരോന്നിലും 200 പ്ലസ് പിന്തുടരേണ്ടി വന്നു. 200 പിന്തുടര്‍ന്ന് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തിരെ മാത്രമേ അവര്‍ക്ക് വിജയിക്കാനായുള്ളൂ. അതിനുശേഷം നടന്ന മൂന്ന് മത്സരങ്ങ ളില്‍, അവരുടെ ബൗളിംഗ് പൂര്‍ണ്ണമായും തകര്‍ന്നു. 235, 230, 228 എന്നീ സ്‌കോറുകള്‍ ജിടി വഴങ്ങി. അരങ്ങേറ്റ സീസണില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് കീഴില്‍ കപ്പുയര്‍ത്തിയ അവര്‍ക്ക് രണ്ടാം കപ്പുയര്‍ത്താനുള്ള അവസരമായിരുന്നു ഈ സീസണ്‍.